ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

February 15, 2025 0 By KeralaHealthNews

ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ കേസുകളിൽ 57 ശതമാനവും പുകയില ഉപയോഗത്തിന്റെയോ മദ്യപാനത്തിന്റെയോ ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണ് സംഭവിച്ചത്.

2014 ജൂലൈ മുതൽ 2024 ജൂലൈ വരെ രാജ്യത്തുടനീളം പത്തു വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. രോഗബാധിതരിൽ 75.5 ശതമാനം പുരുഷന്മാരും 24.5 ശതമാനം സ്ത്രീകളുമാണെന്നും ഗവേഷണം കണ്ടെത്തി.

58.9 ശതമാനം രോഗികൾക്കും മറ്റൊരു അസുഖത്തോട് അനുബന്ധമായി ഇത് വരുന്നുവെന്നും അവരിൽ 30 ശതമാനം പേർ ഒന്നിലധികം രോഗാവസ്ഥകളാൽ ബുദ്ധിമുട്ടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനവിധേയമാക്കിയ 282 രോഗികളിൽ (54.7 ശതമാനം) പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയതായും 233 പേർക്ക് (45.3 ശതമാനം) അർബുദം തീവ്രമായ ഘട്ടത്തിലെത്തിയെന്നും പഠനം വ്യക്തമാക്കുന്നു.