വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

February 14, 2025 0 By KeralaHealthNews

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടത് അനിവാര്യം.

രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേക ശ്രദ്ധ ചെലുത്തണം.

ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വെയിലേൽക്കുന്നത് കാരണമാകും. പകൽ സമയങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുന്നതോടൊപ്പം നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം.

നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം. ഉയർന്ന ശരീര താപനില, ഹൃദയമിടിപ്പ്, വരണ്ട ചർമ്മം, തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ സ്വയം ചികിത്സ അരുത്.

ഇവയ്‌ക്കെല്ലാം പുറമേ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, ദേഹം തണുപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചൂട് കാലത്ത് ശ്രദ്ധിക്കണം. ചൂട് കുരു, ചിക്കൻ പോക്സ്, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടുന്നതിനാൽ ജാഗ്രത വേണം.