കേരളത്തിൽ അൾഷിമേഴ്സ് വർധിക്കുന്നുവെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ

കേരളത്തിൽ അൾഷിമേഴ്സ് വർധിക്കുന്നുവെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ

February 9, 2025 0 By KeralaHealthNews

കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും വർധിച്ച്, ജീവിച്ചിരിക്കുന്നവരിൽ 20 ശതമാനത്തോളം പേർക്ക് അൾഷിമേഴ്സ് സാധ്യത എന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഒരു സാഹചര്യം ഉണ്ടാകാം. അതേസമയം, മറവിരോഗ പ്രതിരോധത്തിലും ചികിത്സയിലും വൈദ്യശാസ്ത്രം ഏറെ മുന്നേറിയിട്ടുണ്ട് എന്നത് പ്രതീക്ഷാവഹമാണ്. ഒരു പരിധിവരെ അൽഷിമേഴ്സ് തടയാൻ വൈകാതെ സാധ്യമാകുമെന്നു പ്രതീക്ഷിക്കാമെന്നും കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു.

‘ചെക്ക് അപ്പുകൾ’ എന്ന പേരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പലതരം ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്താൻ ശ്രമിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഡോക്ടർമാരും ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കണം. ജീവിതശൈലീ രോഗങ്ങൾ മാത്രമാണ് നേരത്തേ കണ്ടെത്തേണ്ടതും ചികിൽസിക്കേണ്ടതും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമാണ് രോഗനിർണയത്തിനാവശ്യമായ മറ്റു ടെസ്റ്റുകൾ നടത്തേണ്ടത്.

ആൻ്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം അതിനെ അതിജീവിക്കാനുള്ള ശേഷി രോഗാണുക്കളിൽ ഉണ്ടാക്കും. അത്യാസന്ന നിലകളിൽ ജീവൻ രക്ഷാമരുന്നുകൾ പരാജയപ്പെടാൻ ഇതു കാരണമാകുന്നു. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധകളുടെ എണ്ണം ആശുപത്രികളിൽ കൂടി വരുന്നു. ആൻ്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ എടുത്ത പ്രാരംഭ നടപടിയെ സമ്മേളനം സ്വാഗതം ചെയ്തു.

സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജീത് കുമാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ പ്രസിഡന്‍റ് ഡോ. പി.വി. ഭാർഗവൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. എ.പി. അഹ്മദ് ഡോ. എം.ജി. സഹദേവൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. എ.കെ. ആദർശ്, ഡോ. രാകേഷ് ടി. പാറക്കടവത്ത്, ഡോ. ജി. രാജേഷ്, ഡോ. ജെയിംസ് ജോസ്, ഡോ. പി. അർജുൻ, ഡോ. എം.ബി. ആദർശ്, ഡോ പി.വി. ലിൻഷ, ഡോ. എം. ശ്രീലത, ഡോ. എം. അബ്രഹാം ഇട്ടിയച്ചൻ, ഡോ. അജിത് കെ. ഗോപാൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജൂനിയർ ഡോക്ടർമാരുടെ മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരം ഡോ. ശബ്നം കലയഞ്ചിറ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ഡോ. സുലേഖ (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം) എന്നിവർ നേടി. കഴിഞ്ഞ രണ്ടു വർഷം പ്രതിമാസ സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ തെരഞ്ഞെടുത്തവയുടെ സമാഹാരം അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. ആർ. ചാന്ദ്നി പ്രകാശനം ചെയ്തു. സെക്രട്ടറി ഡോ. സിജു കുമാർ സ്വാഗതവും ട്രഷറർ ഡോ. എസ്.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.