കാൻസർ സാധ്യത കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ

കാൻസർ സാധ്യത കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ

February 4, 2025 0 By KeralaHealthNews

കാൻസർ രോഗപ്രതിരോധത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തൽ ആഘാതം കുറയ്ക്കുമെന്നുമടക്കമുള്ള അവബോധം വളർത്തിയെടുക്കുകയാണ് ഓരോ കാൻസർ ദിനവും. കാൻസർ പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളാൻ സഹായിക്കുന്ന സുപ്രധാന വിവരങ്ങൾ പങ്കുവെക്കുകയാണ് ഈ ദിനത്തിൽ.

കാൻസർ എല്ലാവരേയും ബാധിക്കുന്ന രോഗമല്ല. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മെഡിക്കൽ സഹായം തേടുകയാണ് ചെയ്യേണ്ടത്. ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നേരത്തെയുള്ള കണ്ടെത്തൽ നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ഓരോരുത്തർക്കും സ്വന്തം ശരീരത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. പതിവായി പരിശോധന നടത്തുക, അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടുക എന്നിവ അത്യന്താപേക്ഷിതമാണ്. സമൂഹത്തിൽ കാൻസറിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള അറിവ് പ്രചരിപ്പിക്കാനും പരസ്പരം പിന്തുണയ്ക്കാനും നേരത്തെയുള്ള സ്ക്രീനിങ് പ്രോത്സാഹിപ്പിക്കാനും നാമെല്ലാവരും പ്രതിജ്ഞാബദ്ധരാകണം.

രോഗം നേരത്തെ കണ്ടെത്തുന്നതിന്‍റെ പ്രാധാന്യം

കാൻസറിന്‍റെ കാര്യത്തിൽ നേരത്തെയുള്ള കണ്ടെത്തലിനെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. നേരത്തെയുള്ള സ്ക്രീനിങ് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.

ഈ രോഗം നേരത്തെ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാനാകുമെന്നത് തന്നെയാണ് പ്രധാനം. പ്രോസ്റ്റേറ്റ്, സ്തനാർബുദം, വൻകുടൽ, സെർവിക്കൽ കാൻസറുകൾ തുടങ്ങിയ പല അർബുദങ്ങളും നേരത്തെ കണ്ടു പിടിക്കപെട്ടാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. ചികിത്സ ഏറ്റവും ഫലപ്രദമാകുന്നത് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സമയത്താണ്. കാൻസറിനെ അതിന്‍റെ ആദ്യഘട്ടങ്ങളിൽ തന്നെ കണ്ടെത്താൻ പതിവ് സ്ക്രീനിങ്ങുകൾ സഹായിക്കുന്നു. ആളുകളിൽ അവരുടെ പ്രായത്തിനും അപകടസാധ്യത ഘടകങ്ങൾക്കും അനുയോജ്യമായ സ്ക്രീനിങ്ങുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം. നേരത്തെയുള്ള കണ്ടെത്തൽ യഥാർത്ഥത്തിൽ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നു.

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമായ മാർഗങ്ങൾ

ആരോഗ്യകരമായ ജീവിതശൈലിയിൽ നിന്നാണ് പ്രതിരോധം ആരംഭിക്കുന്നത്. ചില പ്രധാന മാർഗങ്ങൾ പരിശോധിക്കാം:

  • ആരോഗ്യകരമായ ഭക്ഷണക്രമം
  • ചിട്ടയായ വ്യായാമം
  • പുകയില ഒഴിവാക്കൽ
  • മദ്യപാനം ഒഴിവാക്കുക
  • അൾട്രാവയലറ്റ് വികിരണങ്ങളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കുക
  • വാക്സിനേഷൻ

രോഗ നിർണയത്തിൽ ഭയം വേണ്ട

ഭയം തോന്നുന്നത് തികച്ചും സാധാരണമാണ്. എന്നാൽ പോസിറ്റീവായി തുടർന്ന് മനസ്സാന്നിധ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. കാൻസർ ഉണ്ടെന്ന് കണ്ടെത്തിയാൽ, ചികിത്സ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും പല അർബുദങ്ങളും ചികിത്സിക്കാവുന്നതാണെന്നും ഓർക്കുക, പ്രത്യേകിച്ചും നേരത്തെ കണ്ടെത്തിയാൽ.

എല്ലാവരും സ്വന്തം ആരോഗ്യത്തെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രദ്ധിക്കുകയാണ് വേണ്ടത്. കാൻസറിനെ ചുറ്റിപ്പറ്റിയുള്ള അറിവില്ലായ്മകൾ കുറയ്ക്കുന്നതിനും, നേരത്തെയുള്ള പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ആരോഗ്യകരമായ ശീലങ്ങൾ തുടരുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. തുടരാം കാൻസറിനെ കുറിച്ചുള്ള അവബോധവും ശാക്തീകരണവും.

(Dr. Arun Chandrasekharan: Consultant – Medical Oncology, Aster MIMS Hospital Kozhikode)