
കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്
February 3, 2025തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് വൈകീട്ട് നാലിന് ടാഗോര്‍ തീയറ്ററ്റില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനില്‍ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാല് മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ആദ്യഘട്ട ക്യാമ്പയിന്‍.
ഈ കാലയളവില്‍ സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം (സെര്‍വിക്കല്‍ കാന്‍സര്‍) എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സ്തനാര്‍ബുദം (11.5 ശതമാനം). ഇന്ത്യയിലാകട്ടെ ആകെ കാന്‍സറുകളില്‍ ഒന്നാമതാണ് സ്തനാര്‍ബുദം (13.5 ശതമാനം). അതേസമയം സ്ത്രീകളിലെ കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്‌സിച്ച് ഭേദമാക്കാവുന്നതുമാണ്. കാന്‍സര്‍ പലപ്പോഴും വളരെ താമസിച്ചു മാത്രമാണ് കണ്ടെത്തുന്നത്. അതിനാല്‍ സങ്കീര്‍ണതകളും കൂടുതലാണ്.
നവകേരളം കർമപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ ഒമ്പത് ലക്ഷം പേരില്‍ 1.5 ലക്ഷം ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനക്ക് സന്നദ്ധമായിരുന്നത്. ബഹുഭൂരിപക്ഷവും പരിശോധനക്ക് എത്തുന്നില്ല. ഭയം, ആശങ്ക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സക്കായി ആശുപത്രികളില്‍ എത്തുന്നത്.
പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. ഇത് മുന്നില്‍ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.
സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താന്‍ കഴിയാറില്ല. അതിനാല്‍ എല്ലാ സ്ത്രീകളും ആരോഗ്യ കേന്ദ്രങ്ങളിലെത്തി കാന്‍സര്‍ ഇല്ലെന്ന് ഉറപ്പാക്കണം. ചെറിയ മുഴയാണെങ്കിലും പരിശോധിച്ച് കാന്‍സര്‍ അല്ലെന്ന് ഉറപ്പ് വരുത്തണം. രോഗം സംശയിക്കുന്നവര്‍ വിദഗ്ധ പരിശോധനക്കും ചികിത്സക്കും തയാറാവണം. സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും അറിയിക്കുന്നതാണ്.
ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും പരിശോധന. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഉണ്ടായിരിക്കും. സ്വകാര്യ ആശുപത്രികളും ലാബുകളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. വ്യക്തികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറഞ്ഞ് കിട്ടുകയും ചെയ്യും. ഒരാള്‍ മറ്റൊരാളെ പരിശോധനക്കായി പ്രേരിപ്പിച്ച് എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ വാർത്താസമ്മേനത്തില്‍�പങ്കെടുത്തു.