
എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്
February 3, 2025മുമ്പത്തേക്കാൾ കൂടുതലായി നാം പലതും മറക്കുന്നുവോ? അത് മറവി രോഗത്തിന്റെ തുടക്കമാണോ? ഈ സംശയം ഒട്ടു മിക്ക പേർക്കും ഉണ്ടാകാറുണ്ട്, ആശയക്കുഴപ്പം, ചെറിയ കാര്യങ്ങൾ മറക്കൽ തുടങ്ങിയ പ്രശ്നങ്ങൾ യുവതലമുറയിൽ കൂടുതലായി കാണാറുണ്ടെന്നത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രെയിൻ ഫോഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ ഡിമെൻഷ്യ അഥവാ മറവി രോഗത്തിന്റെ തുടക്കമായും കരുതുന്നവരുണ്ട്.�
�വിദഗ്ധർ പറയുന്നത്
ചെറു പ്രായത്തിൽ മറവി രോഗം വരാറുണ്ട് എന്നത് യാഥാർഥ്യമാണെന്നും അതേസമയം, ബ്രെയിൻ ഫോഗിനെ മറവി രോഗവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നുമാണ് പ്രമുഖ വൈദ്യശാസ്ത്ര വിദഗധനും ലണ്ടൻ കിങ്സ് കോളജ് വൈസ് ചാൻസലറുമായ ഡോ. ഷിതിജ് കപൂർ പറയുന്നത്.
‘‘അൽഷൈമേഴ്സ് പോലുള്ള മറവിരോഗങ്ങൾക്ക് പ്രാരംഭ ലക്ഷണങ്ങൾ സാധാരണ തുടങ്ങുന്നത് എഴുപതിനുശേഷമാണ്. അതിനുശേഷമുള്ള വർഷങ്ങളിൽ അൽഷൈമേഴ്സിനുള്ള സാധ്യത കൂടി വരുന്നുമുണ്ട്. 90 വയസ്സിനു മുകളിലുള്ളവരിൽ നാലിലൊരാൾക്ക് അൽഷൈമേഴ്സ് ഉണ്ടെന്ന് ചില ഡാറ്റ പറയുന്നു. അപൂർവം ചിലർക്ക് അമ്പതുകളിലും അറുപതുകളിലും മറവിരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണപ്പെടുന്നു.’’ -ഡോ. കപൂർ വിശദീകരിക്കുന്നു.
അതേസമയം, കപൂർ മറ്റൊരു കാര്യം വ്യക്തമാക്കുന്നുമുണ്ട്. ‘‘യൗവനകാലത്ത് മറവിരോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണുത്തരം. നമ്മുടെ രോഗ നിർണയ സംവിധാനങ്ങൾ വികസിച്ചതു കാരണം പ്രായമായ കൂടുതൽ പേരിൽ രോഗം കണ്ടെത്തുന്നുണ്ട്. അതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടിയതായി തോന്നുന്നത്.
ബ്രെയിൻ ഫോഗ് കൂടുന്നു
‘ജൻ സീ’ എന്നറിയിപ്പെടുന്ന പുതിയ തലമുറയിൽ മാനസികമായ ആശയക്കുഴപ്പവും മറവിയും ദിശാബോധമില്ലായ്മയും ശരിയായി ചിന്തിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ കൂടുതലായി കാണുന്നുവെന്ന് ഡോ. കപൂർ ചൂണ്ടിക്കാണിക്കുന്നു. ബ്രെയിൻ ഫോഗ് എന്നും ബ്രെയിൻ റോട്ട് എന്നുമെല്ലാം ഈ അവസ്ഥയെ വിശേഷിപ്പിക്കപ്പെടുന്നു.
ശ്രദ്ധക്കുറവ് പോലുള്ള അറ്റൻഷൻ പ്രശ്നങ്ങൾ പുതിയ തലമുറയിൽ വർധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രധാന കാരണങ്ങൾ
● മതിയായയതും ശരിയായതുമായ ഉറക്കത്തിന്റെ കുറവും വിശ്രമത്തിന്റെ അഭാവവും ബ്രെയിൻ ഫോഗിന് കാരണമാകുന്നു.
● സമ്മർദവും ആധിയും: മാനസിക സമ്മർദം കൂടുമ്പോൾ ഓർമശക്തിയെ ബാധിക്കും.
● മോശം ഭക്ഷ്യ ശീലങ്ങൾ: അവശ്യ വൈറ്റമിനുകളായ ബി12, ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെ കുറവ് ബ്രെയിൻ ഫോഗ് ഉണ്ടാക്കും.
● നിർജലീകരണം ഉണ്ടായാൽ ആശയക്കുഴപ്പമുണ്ടാകും.
● ഗർഭകാലത്തും തൈറോയ്ഡ് പ്രശ്നങ്ങൾ കാരണവും ആർത്തവ വിരാമം കാരണവും ഹോർമോൺ വ്യതിയാനമുണ്ടാവുന്നതും ഒരു കാരണമാണ്.
● അണുബാധയും ദഹനപ്രശ്നങ്ങളും ബ്രെയിൻ ഫോഗ് ഉണ്ടാക്കുന്നു.
● ചില മരുന്നുകൾ, പ്രത്യേകിച്ച് സെഡേറ്റിവുകൾ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.
● പ്രമേഹം, ഓട്ടോ ഇമ്യൂൺ അവസ്ഥ തുടങ്ങിയവയും മനോനിലയെ ബാധിക്കും.
● അമിതമായ സ്ക്രീൻ ടൈം മറ്റൊരു പ്രധാന വില്ലനാണ്. ഇടവേളയില്ലാതെ നീളുന്ന സ്മാർട്ട് ഫോൺ ഉപയോഗം നിങ്ങളെ ഈ ലോകത്തു നിന്നുതന്നെ മാറ്റിക്കളയും.