
ഒരു മാസം; എലിപ്പനി മരണം 15
February 3, 2025കോഴിക്കോട്: കേരളത്തിൽ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച് ഈ വർഷം ജനുവരിയിൽ മാത്രം കേരളത്തിൽ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയിൽ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കിൽ ഈ വർഷം 228 പേരിലായി. രോഗം ബാധിക്കുന്നവരിൽ മരണനിരക്ക് കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവും. ശുചിത്വമില്ലായ്മയും മൃഗങ്ങളോട് ഇടപഴകുന്നതിൽ സൂക്ഷ്മത പാലിക്കാത്തതുമാണ് എലിപ്പനി വർധിക്കാൻ കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
പകർച്ചവ്യാധി മരണ നിരക്ക് കൂടുന്നു
വിവിധ പകർച്ചവ്യാധികൾ ബാധിച്ച് കഴിഞ്ഞവർഷം ഇതേ കാലയളവിൽ 19 പേരായിരുന്നു മരിച്ചത്. എന്നാൽ, ഈ വർഷം അത് 40 ആയി ഉയർന്നു. 2024 ജനുവരിയിൽ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഈ വർഷം ഇത് മൂന്നായി. ഭക്ഷ്യസുരക്ഷ പാലിക്കുന്നതിൽ പറ്റുന്ന വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കുന്നത്. ശീതളപാനീയങ്ങളിൽനിന്നും മാലിന്യം കലർന്ന കുടിവെള്ളത്തിൽനിന്നുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത്. വിവാഹ സൽക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വെൽക്കം ഡ്രിങ്കുകളിൽനിന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച നിരവധി സംഭവങ്ങൾ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നാടെങ്ങും മുണ്ടിവീക്കം
മുണ്ടിവീക്ക ബാധിതരുടെ എണ്ണം കഴിഞ്ഞവർഷം 7050 ആയിരുന്നത് ഈ വർഷം 2980 ആയി വർധിച്ചു.
കുട്ടികളിലും കൗമാരക്കാരിലുമാണ് മുണ്ടിവീക്കം കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിൽ മുണ്ടിവീക്കം പടർന്നുപിടിക്കുന്നത് കാരണം സ്കൂളുകൾക്കും ചിലപ്പോൾ ഏതാനും ക്ലാസുകൾക്കും അവധി നൽകേണ്ട സാഹചര്യംവരെ സംസ്ഥാനത്ത് ഉണ്ടാവുന്നുണ്ട്.�