
മുണ്ടിനീര് നിസ്സാരമാക്കരുത്
January 5, 2025മുണ്ടിനീര് അല്ലെങ്കിൽ താടവീക്കം (Mumps) എന്ന രോഗാവസ്ഥ വളരെയധികം പടർന്നുപിടിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ രോഗാവസ്ഥയെക്കുറിച്ച് എല്ലാവർക്കും ധാരണ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. മുണ്ടിനീര് ഒരു പകർച്ചവ്യാധിയാണ്.
പാരാമിക്സോ വിഭാഗത്തിലുൾപ്പെടുന്ന ഒരുതരം വൈറസാണ് ഇതിന് കാരണം. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളായ പരോട്ടിഡ് ഗ്രന്ഥികളെയാണ് ബാധിക്കുക. രണ്ട് മുതൽ 12 വയസ്സു വരെയുള്ള കുട്ടികളിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരിൽ ഏത് പ്രായത്തിലും ഈ അസുഖം ബാധിച്ചേക്കാം. മുതിർന്നവരിലാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്.
രോഗം ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്. കൂടാതെ, രോഗം ബാധിച്ചയാളുടെ കൈകൾ വഴി പ്രതലങ്ങളിൽ രോഗാണു എത്തും. ഇങ്ങനെ രോഗം പകരാം.
പ്രത്യാഘാതങ്ങൾ
നിസ്സാരമായി കണക്കാക്കുന്ന ഒരു രോഗാവസ്ഥയാണ് മുണ്ടിനീര്, എന്നാൽ, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കും. ഇത് ഗുരുത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രോഗം തലച്ചോറിനെ ബാധിക്കുന്നത് മസ്തിഷ്‌ക ജ്വരം അല്ലെങ്കിൽ മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റിസ് എന്നീ അവസ്ഥകൾക്ക് കാരണമാകാം. അപൂർവമാണെങ്കിലും ഇതുമൂലം മരണംവരെ സംഭവിച്ചേക്കാം. ചിലരിൽ രോഗം പാൻക്രിയാസ് ഗ്രന്ഥിയെ ബാധിക്കുന്നതിനും സാധ്യതയുണ്ട്.
ഇങ്ങനെയുണ്ടെങ്കിൽ കടുത്ത വയറുവേദന, ഛർദി എന്നിവ കണ്ടേക്കാം. സ്ത്രീകളിൽ അണ്ഡാശയം, പുരുഷന്മാരിൽ വൃഷണങ്ങൾ എന്നിവയെ ബാധിക്കാനും സാധ്യതയുണ്ട്. ഇത് പ്രത്യുൽപാദന ശേഷി കുറയാനും കാരണമാകും. ചിലരിൽ കേൾവിശക്തി കുറയുന്നതിനും മുണ്ടിനീര് വഴിയൊരുക്കും.
ചികിത്സ
വൈറസ് അണുബാധയായതിനാൽ തന്നെ രോഗാവസ്ഥയിലുള്ള അസ്വസ്ഥതകളെ കുറക്കുന്നതിനുള്ള ചികിത്സാ രീതിയാണ് പിന്തുടരുന്നത്. പരോട്ടിഡ് ഗ്രന്ഥിയിലെ വീക്കവും വേദനയും കുറക്കുന്നതിനും തലവേദന, ഛർദി എന്നിവ കുറയുന്നതിനുമുള്ള മരുന്നുകളാണ് നൽകുന്നത്.
ഇവ കഴിക്കുന്നതോടൊപ്പം തന്നെ കൃത്യമായ വിശ്രമവും ആവശ്യമാണ്. രോഗം ബാധിച്ചവർ മറ്റുള്ളവരുമായി അമിതമായി സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം.
സാധാരണ രീതിയിലുള്ള മുണ്ടിനീര് ബാധിച്ചവരിൽ ഭക്ഷണത്തിൽ പ്രത്യേകമായ ശ്രദ്ധ ആവശ്യമില്ല. എന്നാൽ, പാൻക്രിയാസ് ഗ്രന്ഥിയെ ബാധിക്കുകയോ രോഗി ഛർദിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഭക്ഷണകാര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കണം.
രോഗാവസ്ഥയുടെ തീവ്രത കണക്കിലെടുത്താവും ഇത് തീരുമാനിക്കുക. ചിലരിൽ ഭക്ഷണം കുറച്ചുദിവസത്തേക്ക് പൂർണമായി ഒഴിവാക്കി പകരം സംവിധാനങ്ങൾ നൽകേണ്ടിവന്നേക്കാം. ചിലർക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രം നൽകി കുറച്ച് ദിവസത്തേക്ക് ഭക്ഷണരീതി ക്രമീകരിക്കേണ്ടതും ആവശ്യമായി വന്നേക്കാം.
സാധാരണ എല്ലാ ഭക്ഷണങ്ങളും കഴിക്കാമെങ്കിലും പരോട്ടിഡ് ഗ്രന്ഥിയുടെ വീക്കം കൂടുതലുള്ളവർ ആസിഡ് അംശം കൂടുതലുള്ള നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ആസിഡ് സ്വഭാവമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉമിനീർ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ വേദന കൂടുന്നതിന് ഇത് കാരണമാകും.
വാക്‌സിൻ അനിവാര്യം
മുണ്ടിനീര് തടയുന്നതിന് കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകിയിരുന്നത് ഫലപ്രദമായ രീതിയായിരുന്നു. ഗവ. ഓഫ് ഇന്ത്യയുടെ നാഷനൽ ഇമ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം 9ാം മാസത്തിൽ മീസിൽസ് വാക്സിനും 15ാം മാസത്തിൽ എം.എം.ആർ വാക്സിനുമായിരുന്നു നിഷ്കർഷിച്ചിരുന്നത്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശ പ്രകാരം 9ാം മാസത്തിലും 15ാം മാസത്തിലും അഞ്ച് വയസ്സിലും മുണ്ടിനീര് പ്രതിരോധ വാക്സിൻ നൽകാൻ നിർദേശമുണ്ട്.
എന്നാൽ, 2016ൽ നാഷനൽ ഇമ്യൂണൈസേഷൻ ഷെഡ്യൂളിൽനിന്ന് മുണ്ടിനീര് പ്രതിരോധത്തിനുള്ള വാക്സിൻ ഒഴിവാക്കിയതിനാൽ സർക്കാർ ആശുപത്രികളിൽ എം.ആർ (മീസിൽസ്-റൂബെല്ല)വാക്സിൻ മാത്രമാണ് ലഭ്യമാകുന്നത്. ഇതോടെ മമ്സ് അല്ലെങ്കിൽ മുണ്ടിനീര് എന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ സാധാരണക്കാരായ വലിയൊരു വിഭാഗം കുട്ടികൾക്ക് ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.
നിലവിൽ മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന് ഇത് ഒരു കാരണമായി കണക്കാക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 30 മടങ്ങ് ആളുകളിൽ ഈ വർഷം രോഗം ബാധിച്ചിട്ടുണ്ട്. കൃത്യമായി വാക്സിൻ ലഭ്യമാക്കിയിരുന്നത് രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചിരുന്നു.
ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം കൈക്കൊണ്ട് എം.എം.ആർ വാക്സിൻ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ വലിയ തോതിലുള്ള വ്യാപനം നിയന്ത്രിക്കാൻ സാധിക്കൂ.
ലക്ഷണങ്ങൾ
- ഉമിനീർ ഗ്രന്ഥിയായ പരോട്ടിഡ് ഗ്രന്ഥികളിൽ (Parotid Glands) വീക്കം ഉണ്ടാകുന്നതിനാൽ ചെവിയുടെ സമീപത്തായി കവിളുകളുടെ വശങ്ങൾ വീർത്തിരിക്കുന്ന അവസ്ഥയുണ്ടാകും. ചിലരിൽ രണ്ട് വശത്തുമുള്ള ഗ്രന്ഥികളെ രോഗം ബാധിക്കുന്നതിനാൽ ഇരു കവിളുകളിലും വീക്കം അനുഭവപ്പെടാറുണ്ട്.
- രോഗം ബാധിച്ചവരിൽ സാധാരണ വൈറൽ പനിക്ക് സമാനമായ രീതിയിലുള്ള പനി.
- കടുത്ത തലവേദന, ക്ഷീണം, പേശിവേദന, തുമ്മൽ.
- വായ തുറക്കുന്നതിനും ഭക്ഷണം ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും.
- വൈറസ് ശരീരത്തിൽ ബാധിച്ചുകഴിഞ്ഞാൽ ഏകദേശം 15 മുതൽ 21 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അതുവരെ ശരീരത്തിനുള്ളിൽ വൈറസ് പെരുകുന്നതിനുളള സമയമാണ്.രോഗം ബാധിച്ചവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പുതന്നെ മറ്റുള്ളവരിലേക്ക് വൈറസ് പകരുന്ന പ്രക്രിയ ആരംഭിക്കും. അസുഖം കണ്ട് തുടങ്ങി 5 മുതൽ 9 ദിവസം വരെ വൈറസ് വ്യാപനം ഉണ്ടായേക്കാം. ഈ കാലയളവിൽ മറ്റുള്ളവരുമായി അകലം പാലിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണം.