
കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി കൊടുക്കുമ്പോൾ…
January 2, 2025കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി നൽകുന്നവർ ശ്രദ്ധിക്കണം. കുട്ടികളിൽ പ്രമേഹ സാധ്യത വർധിപ്പിക്കാൻ പാൽപ്പൊടി കാരണമാകുമെന്ന് പുതിയ പഠനം. മികച്ച ഗുണനിലവാരമുള്ള പാൽ സ്പ്രേ ഡ്രൈയിങ് പോലുള്ള മാർഗങ്ങളിലൂടെ ജലാംശം പരമാവധി കളഞ്ഞ് പൊടിയാക്കി സൂക്ഷിക്കുന്നതാണ് പാൽപ്പൊടി. പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു മാർഗമാണ് അതിനെ പാൽപ്പൊടിയാക്കുക എന്നത്.
കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ കൊടുക്കുന്നവരുമുണ്ട്. എന്നാൽ ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പശുവിൻപാൽ നൽകരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഇതിലെ പ്രോട്ടീൻ, ഉപ്പ് ഘടകങ്ങൾ കുഞ്ഞുങ്ങൾക്ക് ദഹിക്കില്ലെന്നതാണു കാരണം.
പാൽപ്പൊടി തെരഞ്ഞെടുക്കുമ്പോൾ ശിശുരോഗ വിദഗ്ധന്റെ നിർദേശം തേടുന്നതാണ് സുരക്ഷിതം. വിപണിയിൽ ലഭിക്കുന്ന പലവിധ ഉൽപന്നങ്ങളിൽ നിന്നു കുഞ്ഞിന് യോജിക്കുന്നത് വേണം തിരഞ്ഞെടുക്കാൻ. പശുവിൻപാലിലെ കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, കൊഴുപ്പിന്റെ അളവ് എന്നിവ ക്രമീകരിച്ചും ധാതുക്കളും പോഷണങ്ങളും ചേർത്തുമാണ് പാൽപ്പൊടി തയാറാക്കുന്നത്. ഫസ്റ്റ് സ്റ്റേജ്, സെക്കൻഡ് സ്റ്റേജ് എന്നിങ്ങനെ കുഞ്ഞിന്റെ പ്രായമനുസരിച്ചും പാൽപ്പൊടികളിൽ വ്യത്യാസം കാണും.
എന്നാൽ പാല്‍പ്പൊടി സ്ഥിരമായി കുടിക്കുന്നത് കുട്ടികളിൽ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. പാൽപ്പൊടികളിൽ അധികമായി പഞ്ചസാര ചേർക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഇൻസുലിൻ പ്രതിരോധശേഷിയെ കുറക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധമായ പാലിനെ അപേക്ഷിച്ച് പാൽപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. പതിവായി പാൽപ്പൊടി കഴിക്കുന്ന കുട്ടിയുടെ പാൻക്രിയാസ് തകരാറിലാവും.�