
2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?
January 2, 2025മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്നുവെന്നാണ് കണക്കുകള്‍.
എന്നാൽ പക്ഷികളിലും മൃഗങ്ങളിലും വ്യാപിക്കുന്ന ഇന്‍ഫ്ലുവന്‍സ വൈറസ് വരും നാളുകളില്‍ ആശങ്കപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇന്‍ഫ്ലുവന്‍സ എ സബ്‌ടൈപ്പ് എച്ച്5 എന്‍1- പക്ഷിപ്പനി എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന വൈറസ് ബാധ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തിപ്രാപിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2003 മുതൽ 19 രാജ്യങ്ങളിലായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച 860-ലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചിട്ടുണ്ട്. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്.
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് സ്രവങ്ങൾ വഴിയാണ്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കൾ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുക. വൈറസ് വന്യമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തു പക്ഷികളിലും വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
പക്ഷിപ്പനി ബാധിച്ച മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. അടുത്തിടെ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ കറവ പശുക്കളിലും മംഗോളിയയിലെ കുതിരകളിലും എച്ച്5 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം അമേരിക്കയില്‍ 61 പേര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ എച്ച്5 എന്‍1 മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും വിദഗ്ധർ പറയുന്നു.