മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധം ഊർജിതമാക്കി
December 12, 2024കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു.
കുന്ദമംഗലം പ്രദേശത്ത് നടക്കുന്ന വിവിധ ഉത്സവങ്ങൾ, കല്യാണം, മറ്റു പൊതു ചടങ്ങുകൾ തുടങ്ങിയവ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിക്കാനും ഇത്തരം ചടങ്ങിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനം നടപ്പാക്കാനും തീരുമാനിച്ചു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത കരിമ്പ് ജ്യൂസ്, മുന്തിരി ജ്യൂസ് ഷെഡുകൾ എന്നിവ നിരോധിക്കുകയും ഇവ തുടർന്ന് പ്രവർത്തിച്ചാൽ പിഴ ഈടാക്കി കണ്ടു കെട്ടാനും തീരുമാനിച്ചതായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ വി. അർച്ചന, ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി കെ. സുഭാഷ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി ആറ് കരിമ്പ് ജ്യൂസ് വിൽക്കുന്ന ഷെഡുകളുടെയും ഒരു മുന്തിരി ജ്യൂസ് ഷെഡിന്റെയും വിൽപന നിർത്തി വെപ്പിച്ചു. പഞ്ചായത്തിലെ പിലാശ്ശേരി, പന്തീർപാടം, പടനിലം, നൊച്ചിപ്പൊയിൽ, ചൂലാംവയൽ, പൈങ്ങോട്ടുപുറം തുടങ്ങിയ സ്ഥലങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലേക്കാൾ രോഗികളുടെ എണ്ണം കുറവാണ്. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ് എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനം ജാഗ്രത പുലർത്തണമെന്നും എം. രഞ്ജിത്ത് പറഞ്ഞു.