മനസ്സിനെ മനസ്സിലാക്കാം
October 20, 2024‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’
അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ ശിക്ഷ. എന്നാൽ ഏറെ പ്രിയപ്പെട്ടവരിൽനിന്ന് പെട്ടെന്നൊരു ദിനത്തിൽ അങ്ങനെയൊരു അനുഭവം ജീവിതത്തിൽ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം എത്ര വലുതായിരിക്കും. മനുഷ്യൻ നേരിടേണ്ടിവരുന്ന വല്ലാത്തൊരു അവഗണനയെ കുറിച്ച് സംസാരിക്കുന്നൊരു മലയാള ഹ്രസ്വ ചിത്രമാണ് ‘ബേബി ഓൺ ബോർഡ്’. യുവ ചലച്ചിത്രകാരൻ രാരിഷാണ് രചനയും സംവിധാനവും നിർവഹിച്ചത്.
നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാതാവ് പൊലീസ് കസ്റ്റഡിയിലാകുന്നതും തുടർന്ന് പൊലീസിന്‍റെ ചോദ്യംചെയ്യലിൽ വെളിപ്പെടുന്ന യാഥാർഥ്യങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന അവസ്ഥയെ കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഭർത്താവിന് ഭാര്യയിൽനിന്നും അവരുടെ വീട്ടുകാരിൽനിന്നും നേരിടേണ്ടിവരുന്ന മാനസിക വിഷമവും അതേ തുടർന്ന് അയാളിലുണ്ടാകുന്ന മാനസിക വിഭ്രാന്തികളുമൊക്കെ ചിത്രം പറയുന്നു.
ഷർമിൽ കാന്ത്, മായ, റീന, പ്രകാശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അസോസിയേറ്റ് ഡയറക്ടർ: ബാദുഷ, സിനിമാറ്റോഗ്രഫി: അൻസിൽ അഹ്സൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: നിഖിൽ മോഹൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: അഖിൽ നാരായൺ, എഡിറ്റർ: വിപിൻ നീൽ, പോസ്റ്റർ ഡിസൈൻ: വിനുരാജ്, മേക്കപ്പ് ആൻഡ് കോസ്റ്റൂം: കീർത്തി, പ്രൊഡക്ഷൻ കോഓഡിനേറ്റർ: അനീസ് പെരുമാൾ പറമ്പിൽ. ശബ്ദം നൽകി നടൻ ജയരാജൻ കോഴിക്കോടും ചിത്രത്തിന്‍റെ ഭാഗമായുണ്ട്.