
ആർത്രൈറ്റിസും ആയുവ്വേദ പ്രതിവിധിയും
October 20, 2024സന്ധികളെയും ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന അസുഖങ്ങളുടെ സമുച്ചയമായ ഒരു പദമാണ് ആര്‍ത്രൈറ്റിസ്. നൂറിലേറെ തരത്തിലുള്ള ആര്‍ത്രൈറ്റിസ് രോഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ വിവിധ കാരണങ്ങളാൽ സംഭവിക്കുന്നു.
1.ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (സന്ധി തേയ്മാനം): പ്രായമായവരിലും അമിതഭാരമുള്ളവരിലും ചില പരുക്കുകൾ പറ്റിയവരിലും മുട്ടുവേദനയുടെ ഒരു പ്രധാനകാരണം. നടക്കുമ്പോഴും, പടികള്‍ കയറുമ്പോഴും ആയാസമുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോഴും വേദന അനുഭവപ്പെടുന്നു. തുടക്കത്തിൽ, ഈ വേദന കുറവായിരിക്കാം, പക്ഷേ, കോശതേയ്മാനം കൂടുന്നതിനാൽ കാലക്രമേണ അത് ശക്തമാകുകയും, ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഉറക്കത്തിനെയും ബാധിക്കുന്ന വിധത്തിൽ മാറുകയും ചെയ്യാം.
ശരീരഭാരം നിയന്ത്രണം, പോഷകാഹാരസേവനം, വാതശമനങ്ങളായ ഔഷധസേവ, വിവിധങ്ങളാകുന്ന ധാരകൾ, ലേപനങ്ങൾ, വേഷ്ടനങ്ങൾ, വസ്തി ചികിത്സ, തൈലധാര, ഞവരക്കിഴികൾ തുടങ്ങിയവ വളരെ ഫലപ്രദമായി കണ്ടുവരുന്നു. ഇവ വൈദ്യ നിദ്ദേശപ്രകാരം ചെയ്യുന്നത് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതെ രോഗത്തെ ചികിത്സിച്ചു ദേദപ്പെടുത്താൻ പര്യാപ്തമാണ്. കൃത്യസമയത്ത് ചെയ്യുന്ന ആയൂർവേദ ചികിത്സകൾ വഴി സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ( Joint replacement surgery ) വരെ പൂർണ്ണമായും ഒഴിക്കാവാക്കാം.
2.ഇന്‍ഫ്ളമേറ്ററി: ആമവാതം, റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് പോലുള്ളവ. രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ ശരീരത്തെ സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടാണ് ഇവ ഉണ്ടാകുന്നത്. ആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ വേദനയും കാഠിന്യവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്. സോറിയാസിസ് എന്ന രോഗത്തിനനുബന്ധമായി കാലക്രമേണ രൂപപ്പെടുന്ന സന്ധിവേദനയാണ് സോറിയാറ്റിക് ആർത്രൈറ്റിസ്. നട്ടെല്ലിന്‍റെ കശേരുക്കൾ കൂടിച്ചേർന്ന് സാന്ദ്രമായ ഒരു ഘടനയിലേക്ക് ഏകീകരിക്കപ്പെടുകയും ചെയ്യപ്പെട്ട് മുളയുടെ തണ്ട് പോലെ മാറ്റപ്പെടുന്ന ഒരു അവസ്ഥയാണ് ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്.
ഇങ്ങനെയുള്ള ഇൻഫ്ലമേറ്ററി സന്ധിരോഗങ്ങളിൽ രോഗപ്രതിരോധശേഷിയെ നേരായി ക്രമീകരിക്കുവാനായി ആയുർവേദ മരുന്നുകളും ചികിത്സകളും ഇപ്രകാരമുള്ള രോഗങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു. നീർക്കോളുകൾ മാറ്റി രോഗാവസ്ഥയെ ഭേദപ്പെടുത്തുവാനും സന്ധിവൈകല്യങ്ങളെ തടയുവാനും കൃത്യമായ ആയുവേദചികിത്സകൾ അസുഖം സങ്കീർണ്ണമാകുന്നതിനു മുമ്പെ ചെയ്യേണ്ടതാണ്.
3.അണുബാധ: ബാക്ടീരിയ, ഫംഗ്സ് , വൈറസ് മൂലം ഉണ്ടാകുന്ന സെപ്റ്റിക് ആര്‍ത്രൈറ്റിസ് മൂലം സന്ധികളിൽ അമിതമായ വേദനയും നീരും ചൂടും പെട്ടെന്ന് അനുഭവപ്പെടാറുണ്ട്. ശിശുക്കളിലും ചെറിയ കുട്ടികളിലും പ്രതിരോധശേഷി കുറവുള്ളവരിലും സാധാരണയായി കാണപ്പെടുന്നു. ചികിത്സവൈകിയാൽ ദീർഘകാല സന്ധിവൈകല്യങ്ങളും സന്ധിച്ച്യുതികളും സംഭവിക്കാം.
4.മെറ്റബോളിക്: ശരീരത്തിലുള്ള ഡി.എന്‍.എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്‍റേയും മറ്റ് ചില ആഹാര പദാര്‍ഥങ്ങളുടെയും ഉപചയാപചയ പ്രക്രിയയുടെ ഒരു ഉപോല്‍പ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
മാംസ്യാഹാരങ്ങൾ, മദ്യം, കടൽമീൻ, ബീഫ്, കോളിഫ്ളവർ, ചീര, കൂൺ എന്നിവയുടെ ഉപഭോഗം ഈ അവസ്ഥയെ വഷളാക്കുന്നു. കാലിലെ പെരുവിരലിന്‍റെ സന്ധിയിലാണ് സാധാരണയായി വേദന തുടങ്ങുക. പിന്നീട് മറ്റു സന്ധികളിലേക്ക് വ്യാപിക്കുകയും ചെയ്യാം. ഈ അവസ്ഥയിൽ ഭക്ഷണക്രമം മാറ്റുക, ആവശ്യാനുസരണം ജലപാനം, ശരീരഭാരം നിയന്ത്രിക്കുക ,ആയൂർവേദ ഔഷധസേവനം, ചില പാൽ കഷായധാരകൾ , മാനസികസമ്മർദ്ദനിയന്ത്രണം,എന്നിവ അനിവാര്യമാണ്.
സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്‍റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു. കുട്ടികളിൽ കാണപ്പെടാറുള്ള ആർത്രൈറ്റിസ് ജൂവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ഇത് പൊതുവെ 16 വയസ്സ് മുകളിൽ ആകാത്ത കുട്ടികളിലായി കാണപ്പെടുന്നു.
ആരോഗ്യ പ്രതിരോധശേഷിയിലുണ്ടാകുന്ന മാറ്റങ്ങൾ, പ്രതിരോധമായ കാരണങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവയാൽ ഇത് ബാധിക്കപ്പെടുന്ന കുട്ടികളുടെ സംഖ്യ വർദ്ധിക്കുന്നു. ആര്‍ത്രൈറ്റിസിന് വേദനാസംഹാരികള്‍ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ആവശ്യമായ സമയത്ത് ചികിത്സയും, ശരിയായ പോഷണവും,ജീവിതശൈലിയിൽ മാറ്റങ്ങളും ഈ അവസ്ഥയെ നിയന്ത്രിക്കാൻ സഹായകരമാണ്. സന്ധിവേദനയെ ചെറിയ ഒരു കാര്യമായി അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ.
Dr.Jijo Blesson-മെഡിക്കൽ ഡയറക്ടർ & ചീഫ് ഫിസിഷ്യൻ,കോട്ടക്കൽ ആയുവേദിക് മെഡിക്കൽ സെൻറർ, അജ്മാൻ