54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

October 3, 2024 0 By KeralaHealthNews

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ പുറത്തെടുത്തത്.

കാലിലുണ്ടായ വീനസ് അൾസർ ഭേദമാകാഞ്ഞതിനെ ഇടുക്കി സ്വദേശിനിയായ വീട്ടമ്മ അപ്പോളയിൽ ചികിത്സ തേടിയെത്തിയത്. കാലിലേക്കുള്ള രക്തയോട്ടം ദുർബലമാവുകയും രക്തം കെട്ടി കിടന്ന് വിട്ടുമാറാത്ത മുറിവും വേദനയും പൂർണ ഗർഭിണിയുടെ അവസ്ഥയിൽ വീർത്തവയറും ഗുരുതര രക്ത സമ്മർദവും രോഗിയെ അലട്ടിയിരുന്നു.

തുടർന്ന് ആശുപത്രിയിൽ നടത്തിയ വിദഗ്ദ പരിശോധനയിലാണ് വാരിയല്ലിന്റെ അടുത്ത് വരെയുള്ള മുഴ കണ്ടെത്തിയത്. രോഗിയുടെ അവസ്ഥ ഗുരുതരമെന്നറിഞ്ഞതോടെ മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് ആൻഡ് ലാപ്രോസ്കോപിക് സർജനും ലീഡ് കൺസൾട്ടന്റുമായ ഡോ.ഊർമിള സോമന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.അമ്പിളി ജോസ്, ഡോ. മുഗ്ത റസ്തഗി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഹോർമിസ് സ്റ്റീഫൻ എന്നിവരടങ്ങുന്ന അപ്പോളോ മെഡിക്കൽ വിഭാഗമാണ് ​ക്ലേശകരവും സാഹസികവുമായ റോബോർട്ടിക് ശസ്ത്രക്രിയയിലൂടെ ഭീമൻ മുഴ നീക്കം ചെയ്തത്.

സർജറിക്ക് ശേഷം രണ്ടാം ദിവസം രോഗി ആശുപത്രിയിൽ നിന്ന് മടങ്ങി. മുഴ അതീവ വലുതായതിനാലും രക്ത നഷ്ടസാധ്യത കുറവും, കുറഞ്ഞ ആശുപത്രിവാസവും കണക്കിലെടുത്താണ് റോബോട്ടിക് സർജറി തെരഞ്ഞെടുത്തതെന്നും വാർത്ത സമ്മേളനത്തിൽ ഡോ. ഊർമിള പറഞ്ഞു.

റോബോട്ടിക് ഗൈനക്കോളജി രംഗത്തെ നാഴികകല്ലാണ് അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയെന്നും സങ്കീർണമായ സന്ദർഭങ്ങളിൽ റോബോട്ടിക് സർജറിയുടെ നേട്ടങ്ങൾ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അപ്പോളോ ആശുപത്രി സി.ഇ.ഒ ബി.സുദർശനും പറഞ്ഞു.