എസ്.എ.ടിയിലെ മനുഷ്യാവകാശ ലംഘനം: ആരോഗ്യ മന്ത്രി രാജി വെക്കണം- വി.എസ്.ശിവകുമാർ
September 30, 2024തിരുവനന്തപുരം: കഴിഞ്ഞ ദിവസം നാല് മണിക്കൂറിലേറെ എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്തിനെ തുടർന്ന് രോഗികളും കൂട്ടിരുപ്പുക്കാരും അനുഭവിച്ച മാനസിക പിരിമുറുക്കവും ബുദ്ധിമുട്ടും ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്നതല്ലായെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. നഗരസഭ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റഫറൽ ആശുപത്രിയായ എസ്.എ.ടിയിൽ നൂറു കണക്കിന് ഗർഭിണികളും അമ്മമാരും നവജാത ശിശുക്കളും അനുഭവിക്കേണ്ടി വന്ന യാതനകൾക്കിടവരുത്തിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കുകയാണ് വേണ്ടത്. വൈദ്യുതി ഇല്ലാതായപ്പോൾ പരമാവധി അര മണിക്കൂർ കൊണ്ട് പരിഹാരം കാണാമായിരുന്ന സംഭവം, കെ.എസ്.ഇ.ബിയും, പി.ഡബ്ല്യു.ഡി, വൈദ്യുതി വിഭാഗവും തമ്മിലുള്ള തർക്കം കാരണമാണ് ഇത്രയേറെ വൈകിപ്പിച്ചത്. രണ്ടു ജനറേറ്ററുകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.
വൈദ്യുതി പോയപ്പോൾ ഐ.സി.യു വിലും, ലേബർ റൂമിലും മൊബൈൽ ഫോൺ ടോർച്ചിന്റെ പ്രകാശവും, മെഴുകുതിരി പ്രകാശവും ഉപയോഗിച്ചാണ് ഡോക്ടർമാരും നേഴ്‌സുമാരും അത്യാവശ്യം കാര്യങ്ങൾ നിർവഹിച്ചത്. സമയബന്ധിതമായി ഇടപെടേണ്ട ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി മാറി. ആരോഗ്യ മേഖലയാകെ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയാണ്. ആശുപത്രിയിൽ രോഗികൾക്ക് കഴിക്കാൻ മരുന്നും, കിടക്കാൻ കിടക്കയുമില്ല. അവശരോഗികൾ ഒരുകിടക്കയിൽ മൂന്നു പേരാണ് കിടക്കുന്നത്. ഇത്രയേറെ ഗതികേട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
നഗരസഭ യു.ഡു.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാർട്ടി ലീഡർ ജോൺസൻ ജോസഫ്, കൗൺസിലർമാരായ ആക്കുളം സുരേഷ്, മേരി പുഷ്പം, സെറാഫിൻ ഫ്രെഡി, മിലാനി പെരേര, ഡിസിസി ഭാരവാഹികളായ പാളയം ഉദയൻ, ചെറുവയ്ക്കൽ പത്മകുമാർ, മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ, നജീബ് ബഷീർ, ആശ, ചിത്രാലയം ഹരികുമാർ എന്നിവർ സംസാരിച്ചു.