മഞ്ചേരിയിൽ മങ്കി പോക്സ് ലക്ഷണമുള്ളയാൾ ചികിത്സയിൽ
September 16, 2024മഞ്ചേരി: മങ്കി പോക്സ് ലക്ഷണത്തോടെ ഒരാളെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്.
തിങ്കളാഴ്ച രാവിലെയാണ് ഇയാൾ ത്വക്രോഗ വിഭാഗം ഒ.പിയിൽ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സ് പോലെയുള്ള തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയായിരുന്നു. സ്രവ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്കയച്ചു.
അതേസമയം, മലപ്പുറം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 175 പേരാണ് ഉള്‍പ്പെട്ടത്. ഇതില്‍ 74 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 126 പേര് പ്രാഥമിക സമ്പർക്ക പട്ടികയിലും 49 പേര് രണ്ടാംഘട്ട പട്ടികയിലുമാണ്. 104 പേരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 13 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്.
നാല് സ്വകാര്യാശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്. മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0483 2732010, 0483 2732060 നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം. മരിച്ച യുവാവിന്റെ യാത്ര വിവരങ്ങളും സമയവുമടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ അറിയിക്കണം