വെള്ളെഴുത്ത് പരിഹരിക്കാനുള്ള ‘പ്രസ് വു’ ഐ ഡ്രോപ്സിന്‍റെ അനുമതി റദ്ദാക്കി

വെള്ളെഴുത്ത് പരിഹരിക്കാനുള്ള ‘പ്രസ് വു’ ഐ ഡ്രോപ്സിന്‍റെ അനുമതി റദ്ദാക്കി

September 12, 2024 0 By KeralaHealthNews

ന്യൂഡൽഹി: മുംബൈ  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ടോഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ പുറത്തിറക്കുന്ന ‘പ്രസ്‌ വു’ ഐ ഡ്രോപ്സിനുള്ള അനുമതി കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ റദ്ദാക്കി. ഐഡ്രോപ്സ് നിർമാണത്തിനും വിപണനത്തിനുമുള്ള അനുമതിയാണ് റദ്ദാക്കിയത്.

കണ്ണിനെ ബാധിക്കുന്ന അസുഖമായ പ്രസ്ബയോപ്പിയ (വെള്ളെഴുത്ത്) പരിഹരിക്കാൻ തങ്ങളുടെ പുതിയ ഐഡ്രോപ്സായ ‘പ്രസ്‌ വു’ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. റീഡിങ്‌ ഗ്ലാസുകള്‍ ഇല്ലാതെ തന്നെ പ്രസ്‌ബയോപിയ ചികിത്സിക്കാന്‍ ഐഡ്രോപ്സ് സഹായിക്കുമെന്നും 15 മിനിറ്റിനകം ഫലമുണ്ടാകുമെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

ഐഡ്രോപ്സിന് അനധികൃതമായ രീതിയിൽ ഇത്തരം പ്രചാരണം നൽകിയതിനെ തുടർന്നാണ് ഡ്രഗ് സ്റ്റാൻഡേർഡ് അധികൃതർ നടപടിയെടുത്തത്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഐഡ്രോപ്സിനെ കുറിച്ച് നടത്തിയ അനധികൃത പ്രചാരണം മൂലം രോഗികൾ സുരക്ഷിതമല്ലാത്ത രീതിയിൽ ഇത് ഉപയോഗിക്കുമോയെന്ന ആശങ്കയ ഉയർത്തുകയാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നോട്ടീസിൽ പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ഉപയോഗിക്കേണ്ട മരുന്നാണ് ഇത്. എന്നാൽ, ഇത്തരം പ്രമോഷനുകൾ കാരണം ജനങ്ങൾ ഇത് നേരിട്ട് വാങ്ങി ഉപയോഗിക്കുമെന്ന സാഹചര്യവുമുണ്ട് -നോട്ടീസിൽ ചൂണ്ടിക്കാട്ടി.

അതേസമയം, തങ്ങൾ പ്രമോഷന്‍റെ ഭാഗമായി തെറ്റായ വാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് എൻടോഡ് ഫാർമ സി.ഇ.ഒ നിഖിൽ മസൂർകർ പറഞ്ഞു. മാധ്യമങ്ങളിലൂടെ പറഞ്ഞ എല്ലാ കാര്യവും നേരത്തെ ഡി.സി.ജി.ഐക്ക് മുന്നിൽ വെളിപ്പെടുത്തിയതാണെന്നും പ്രസ്ബയോപിയ പരിഹരിക്കാനുള്ള മൂന്ന് ഘട്ട ക്ലിനിക്കൽ ട്രയലിലൂടെ ഫലം കണ്ടതാണെന്നും കമ്പനി അവകാശപ്പെട്ടു.