ചെറുതല്ല ചെള്ളുപനി
August 26, 2024കേളകം: ആലപ്പുഴക്കുശേഷം കണ്ണൂർ ജില്ലയിലെ മാലൂർ-പുരളി മലയിൽ ചെള്ള് പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. മലയോര മേഖലയിലെ മാലൂരിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാന്, മുയല് തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളില്‍ നിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.
ചെള്ളുപനി പ്രതിരോധിക്കുന്നതിനായി എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. എലി മാളങ്ങള്‍ നശിപ്പിക്കണം. പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണംവസ്ത്രങ്ങള് കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍, വ്യക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക.
കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ചെള്ളുപനി ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തതോടുകൂടി ചെള്ളുപനിയുടെ ആശങ്ക വർദ്ധിക്കുകയാണ്. എലികൾ പോലുള്ള സസ്തനികളിലും ഉരഗങ്ങളിലും കാണപ്പെടുന്ന ഒരുതരം ചെള്ളുകളിലാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതോടു കൂടി ആരോഗ്യപ്രശ്നങ്ങൾ ഓരോ ഘട്ടങ്ങളിലായി കാണപ്പെടുന്നു. ബാക്ടീരിയ മൂലം ഉണ്ടാവുന്ന ഈ രോഗം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ മരണത്തിന് കാരണമാകും.
ലക്ഷണങ്ങൾ
കടിയേറ്റ ഭാഗം കറുപ്പ് നിറം കാണപ്പെടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. മറ്റു പനികളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. കടിയേറ്റു രണ്ടാഴ്ചക്കകം രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
അതി ശക്തമായി ട്ടുള്ള പനി, തലവേദന,പേശി വേദന, ചുമ വിറയൽ, ദഹനപ്രശ്നങ്ങൾ, ചുണങ്ങ് എന്നിവയാണ് സാധാരണ കാണപ്പെടാറുള്ള ലക്ഷണങ്ങൾ.
കൂട്ടത്തിൽ ലിംഫെഡിനോപതിയും കണ്ടു വരുന്നു. ആദ്യഘട്ടത്തിൽ ല്യുകോപീനിയ, അസാധാരണമായ കരൾ പ്രവർത്തനം, എന്നിവ കാണുന്നതോടൊപ്പം തന്നെ അവസാനഘട്ടത്തിൽ ന്യൂമോണിറ്റിസ്,എൻ സെഫലൈറ്റിസ് എന്നിവയും കാണപ്പെടുന്നു. മയോകാർഡിറ്റിസ് എന്ന അവസ്ഥ സംഭവിക്കുന്നതോടു കൂടി മരണവും സംഭവിക്കാം.
ചെറുതല്ല ചെള്ളുപനി
ചെള്ളുകൾ പരത്തുന്നു എന്നത് കൊണ്ടുതന്നെ കുറ്റിക്കാടുകൾ വെട്ടി തെളിക്കുക, ചെള്ളുകൾ നശിക്കുന്നതിന് ആവശ്യമായ സ്പ്രേ ഉപയോഗിക്കുക. എലി, പൂച്ച, വളർത്തു മൃഗങ്ങൾ എന്നിവയുടെ ശുചിത്വവും നിയന്ത്രണവും കൊണ്ടുവരുക. വളർത്തുമൃഗങ്ങളെ വൃത്തിയോട് കൂടിയും ശുചിത്വത്തോടെ കൂടിയും പരിപാലിക്കുക അതോടൊപ്പം തന്നെ ഇവയുമായിട്ടുള്ള സമ്പർക്കത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കുക അതുപോലെ കൈകൾ കഴുകുക.. തൊടികളിലും കാടുകളിലുംമായി സമ്പർക്കം പുലർത്തുന്നവർ പരമാവധി ഷോക്സുകൾ ഉപയോഗിക്കുക.
രോഗലക്ഷണം കണ്ടാൽ ഉടൻ വിദഗ്ദ ചികിൽസ തേടണം. ഭീതി വേണ്ട ,ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.