ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം
August 18, 2024സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട് വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ് സാധാരണക്കാർക്ക് സൗജന്യമായി അവരുടെ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച് ബോധവത്കരണം നൽകുന്നത്. ഇതിനായി വികസിപ്പിച്ച ‘സമർപ്പണം’ എന്ന ആപ് മുഖേന വ്യക്തികൾക്ക് ചോദ്യാവലി നൽകി അവരുടെ ഉത്തരം വിശകലനം ചെയ്ത് രോഗങ്ങളും രോഗസാധ്യതയും കണ്ടെത്തി ആവശ്യമുള്ള നിർദേശങ്ങൾ വാട്സ്ആപ് വഴി നൽകുന്നു. തികച്ചും സൗജന്യമാണ് ഈ സേവനം.
ഈ ആപ്പിലെ ‘ക്യു.ആർ കോഡ്’ സ്കാൻ ചെയ്താൽ ലഭിക്കുന്ന ചോദ്യാവലിക്കു നേരെ ‘ഉണ്ട് (യെസ്)’ അല്ലെങ്കിൽ ‘ഇല്ല (നോ)’ എന്ന് രേഖപ്പെടുത്തിയാൽ മതി. ലളിതമായ രീതിയിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. 26 ചോദ്യങ്ങളാണുള്ളത്. ഒാരോ ചോദ്യത്തിനും ലഭിക്കുന്ന ഉത്തരങ്ങൾ വിശകലനം ചെയ്ത് ആ വ്യക്തിയുടെ ആരോഗ്യസ്ഥിതി കണ്ടെത്താൻ ശ്രമിക്കുകയും അതിനനുസരിച്ച് ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുകയുയാണ് രീതി. നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ചോദ്യങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ നിമിഷങ്ങൾക്കകം വ്യക്തിയുടെ ഫോണിലെ വാട്സ്ആപ്പിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും രോഗം വരാതിരിക്കാനുള്ള മാർഗങ്ങളും വിശദമായി ലഭിക്കും.
കേരളത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, അൽഷൈമേഴ്സ്, പാർക്കിൻസൺ, വൃക്കരോഗം തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡോ. ഉമർ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. തന്‍റെ പഠനകാലത്തും പിന്നീട് ഡോക്ടറായ ശേഷവും അപൂർവമായി കണ്ടുവന്നിരുന്ന രോഗങ്ങൾ ഇപ്പോർ സാർവത്രികമായതോടെയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചുതുടങ്ങിയത്. കൂടാതെ ആരോഗ്യവാന്മാരെന്ന് കരുതിയിരുന്ന പരിചയക്കാരും ബന്ധുക്കളുമായ ചിലർ പെട്ടെന്ന് രോഗംവന്ന് മരിച്ചതും ഇേദ്ദത്തിന്റെ ഉള്ളുലച്ചു. തുടർന്നാണ് 2016ൽ കോഴിക്കോട് കേന്ദ്രീകരിച്ച് ‘സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനക്ക് രൂപം നൽകുന്നത്. ട്രസ്റ്റിന് കീഴിലാണ് മറ്റു സേവനങ്ങളോടൊപ്പം രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്കണം നടത്തിവരുന്നത്.
ഭക്ഷണ രീതി, വ്യായാമം, ലഹരി ഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ വിവരങ്ങളാണ് ചോദ്യാവലി വഴി നൽകുന്നത്.