എംപോക്സ്; മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
August 17, 2024ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ എംപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗം പടരുന്നത് തടയാനും നിയന്ത്രിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെങ്കിലും വലിയ തോതിലെ രോഗവ്യാപനത്തിനുള്ള സാധ്യത നിലവിൽ ഇന്ത്യയിൽ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം വിലയിരുത്തി.
2022ന് ശേഷം ഇന്ത്യയിൽ ആകെ 30 കേസുകൾ കണ്ടെത്തിയതായും ഈ വർഷം മാർച്ചിൽ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ നിലവിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഓഗസ്റ്റ് 14-ന് ലോകാരോഗ്യ സംഘടന വീണ്ടും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികളും തയാറെടുപ്പുകളും വിശദമായി അവലോകനം ചെയ്തത്. 2022 മുതൽ116 രാജ്യങ്ങളിൽ നിന്ന് എംപോക്സ് മൂലം 99,176 കേസുകളും 208 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ 35 വയസ്സുള്ളയാളിലാണ്.
രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.