ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം; ആർദ്രകേരളം, കായകൽപ് പുരസ്കാര നിറവിൽ എറണാകുളം ജില്ല
August 13, 2024കൊച്ചി: ആരോഗ്യമേഖലയിലെ മികവാർന്ന പ്രവർത്തനം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് നൽകുന്ന സംസ്ഥാനതല പുരസ്കാരങ്ങൾക്ക് ജില്ലയിലെ തദ്ദേശ-ആരോഗ്യസ്ഥാപനങ്ങൾ അർഹരായി. ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തി എറണാകുളം ജില്ല പഞ്ചായത്തും മണീട് ഗ്രാമപഞ്ചായത്തും ജില്ലക്ക് ഇരട്ടി മധുരം സമ്മാനിച്ചു.
നഗരസഭകളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഏലൂർ രണ്ടാം സ്ഥാനവും മൂവാറ്റുപുഴ മൂന്നാം സ്ഥാനവും നേടി. ജില്ല തലത്തിൽ രായമംഗലം, കാലടി, കോട്ടപ്പടി എന്നിവ യഥാക്രമം ആദ്യമൂന്ന് സ്ഥാനം നേടി. ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സംസ്ഥാനതലത്തിൽ നൽകുന്ന കായകൽപ് പുരസ്കാരത്തിൽ ആലുവ ജില്ല ആശുപത്രി, കോതമംഗലം താലൂക്ക് ആശുപത്രി, കടയിരുപ്പ് സാമൂഹിക ആരോഗ്യകേന്ദ്രം, തമ്മനം അർബൻ ഹെൽത്ത് സെൻറർ എന്നിവയും പുരസ്കാര പട്ടികയിലിടം പിടിച്ചു.
ജില്ല പഞ്ചായത്തിന് ആർദ്ര കേരള പുരസ്കാരം
കാക്കനാട്: ആർദ്ര കേരള പുരസ്കാരം ഒന്നാം സ്ഥാനം എറണാകുളം ജില്ല പഞ്ചായത്തിന്. 2022-23 സാമ്പത്തിക വർഷം ആരോഗ്യ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം.
ജില്ല പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ 7.25 കോടി ചെലവഴിച്ച് നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള മൂന്ന് ജില്ല ആശുപത്രിവഴി സ്നേഹസ്പന്ദനം എന്ന പേരിൽ പാലിയേറ്റിവ് കെയർ പദ്ധതി നടപ്പാക്കി. കാരുണ്യസ്പർശം – ഡയാലിസിസ് തുടർചികിത്സ സഹായപദ്ധതി നടപ്പാക്കി. ‘അർബുദ വിമുക്ത എറണാകുളം’ പദ്ധതി നടപ്പാക്കിയത് അർബുദം മുൻകൂട്ടി കണ്ടുപിടിക്കുന്നതിന് സഹായകമായി.
മാതൃവന്ദനം, കുട്ടമ്പുഴ പഞ്ചായത്തിലെ തെരഞ്ഞെടുത്ത കോളനികളിലെ 200 പട്ടികവർഗ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹാരം നിർദേശിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് തയാറാക്കിയ ഉണ്ണിക്കൊരുമുത്തം തുടങ്ങിയ പദ്ധതികളാണ് അവാർഡിന് പരിഗണിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
കോതമംഗലം താലൂക്ക് ആശുപത്രിക്ക് കായകൽപ് അവാർഡ്
കോതമംഗലം: സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച കായകൽപം കമന്‍ഡേഷന്‍ അവാര്‍ഡ് കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക്. സബ് ജില്ലതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 10 ആശുപത്രിക്ക് ഒരു ലക്ഷം രൂപ വീതം അവാര്‍ഡ് തുക ലഭിക്കും. 81.18 ശതമാനം നേടിയാണ് കോതമംഗലം ആശുപത്രി അവാർഡിന് അർഹമായത്.
ആശുപത്രികളില്‍ ജില്ലതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. രോഗികൾക്ക് കാത്തിരിപ്പ് മുറികൾ, ഒ.പി രജിസ്ട്രേഷൻ കൗണ്ടർ, രോഗീസൗഹൃദ ശുചിമുറികൾ, പരിശോധന മുറികൾ, ലാബ് നവീകരണം തുടങ്ങിയവ നടപ്പാക്കിയതിലൂടെയാണ് അവാർഡിന് അർഹമായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ പറഞ്ഞു.