നിപ: ഭയാശങ്ക അകലുന്നു
July 25, 2024മലപ്പുറം: വിദ്യാർഥിയുടെ നിപ മരണത്തെ തുടർന്നുള്ള ഭയാശങ്ക അകലുന്നു. അപകടകാരിയായ നിപ വൈറസ് പടർന്നുപിടിച്ചിട്ടില്ലെന്നത് ജില്ലക്ക് ആശ്വാസം പകരുന്നതാണ്. കൂടുതൽ സ്രവപരിശോധന ഫലങ്ങൾ നെഗറ്റിവായതും ഹൈറിസ്ക് വിഭാഗത്തിലുള്ളവരെല്ലാം സുരക്ഷിതരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നു. വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ നേരിടുന്നത്.
ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച അന്താരാഷ്ട്ര മാനദണ്ഡം പാലിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നുവരുന്നത്. സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് ഒരാളെയും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തി സമ്പർക്കപട്ടിക ഉണ്ടാക്കുകയും മുഴുവൻപേരെയും ഇതിനകം നിരീക്ഷണത്തിലാക്കുകയും ചെയ്തു. പകർച്ച സാധ്യതയുള്ള ഹൈറിസ്ക് വിഭാഗക്കാരുടെ സ്രവ സാമ്പിളുകൾ എടുത്തു രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കിയത് ആദ്യഘട്ട വിജയമായി. രണ്ടാംഘട്ടത്തിൽ, പ്രാദേശികമായി മറ്റെവിടെയെങ്കിലും നിപ ലക്ഷണങ്ങളുള്ളവരുണ്ടോയെന്ന അരിച്ചുപൊറുക്കിയുള്ള പരിശോധനയിലാണ് ആരോഗ്യവകുപ്പ്. വവ്വാലുകളിൽനിന്നും വളർത്തുമൃഗങ്ങളിലേക്ക് നിപ വൈറസ് പകർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നു.
ഇതിനായി വളർത്തുമൃഗങ്ങളുടെ സ്രവസാമ്പിളെടുത്തുള്ള പരിശോധന പുരോഗമിക്കുകയാണ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിൽ വീടുവീടാന്തരമുള്ള സർവേ വ്യാഴാഴ്ച പൂർത്തിയാവും. ഗൃഹസർവേയിലൂടെ, പഴുതച്ച പ്രതിരോധ പ്രവർത്തനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യംവെക്കുന്നത്. വീടുകളിലെ പനി ലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കുകയും ഐ.പി ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഡിസീസ് കൺട്രോൾ സെന്റററിൽനിന്നുള്ള കേന്ദ്രസംഘം രോഗവ്യാപനത്തെകുറിച്ച് പഠനത്തിന് എത്തിയതും ആത്മവിശ്വാസം പകരുന്നതാണ്. ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം കേന്ദ്രസംഘം മലപ്പുറത്ത് തുടരും. അതേസമയം, ജാഗ്രത തുടരണമെന്നും രോഗഭീഷണി പൂർണമായും ഒഴിയുന്നതുവരെയും മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചിട്ടുണ്ട്.
ഗൃഹ സർവേ ഇന്ന് പൂർത്തിയാവും
നിപ മരണത്തെതുടർന്ന് രണ്ട് പഞ്ചായത്തുകളിലെ വീടുകൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന സർവേ വ്യാഴാഴ്ച പൂർത്തിയാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ബുധനാഴ്ച പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ സർവേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവേ പൂർത്തീകരിച്ചത്. 224 പേര്‍ക്ക് ബുധനാഴ്ച മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്കി.
ഹൈറിസ്ക് വിഭാഗത്തിൽ 220 പേർ
നിലവിൽ ഹൈറിസ്ക് വിഭാഗത്തിൽ 220 പേരാണുള്ളത്. എല്ലാവരുടേയും സ്രവ സാമ്പിളെടുത്ത് തുടർന്നുള്ള ദിവസങ്ങളിൽ പരിശോധിക്കും. സമ്പർക്ക പട്ടികയിൽ പുതുതായി ഉൾെപ്പടുത്തുന്നവരൊന്നും നേരിട്ടുള്ള സമ്പർക്കത്തിലുള്ളവരല്ല. ബുധനാഴ്ച പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ 12 പേർ സെക്കൻഡറി കോണ്ടാക്ടിലുള്ളവരാണ്. ഉറവിടം കണ്ടെത്താനുള്ള പരിശോധന പാണ്ടിക്കാട് കേന്ദ്രീകരിച്ച് പൂണെ എൻ.ഐ.വി സംഘം ബുധനാഴ്ചയും തുടർന്നു. അമ്പഴങ്ങ മരത്തിന് സമീപം വവ്വാലുകളെ പിടിക്കാൻ ട്രാപ് വെക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പൂണെ എൻ.ഐ.വിയുടെ മൊബൈൽ ലബോറട്ടറി ചൊവ്വാഴ്ച മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
മന്ത്രി ഓൺലൈനിൽ
കലക്ടറേറ്റ് കോൺഫന്‍സ് ഹാളില്‍ ബുധനാഴ്ച വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്. നാലു പകലും മൂന്നു രാത്രിയും മലപ്പുറത്ത് ക്യാമ്പ് ചെയ്തു നിപ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിച്ച മന്ത്രി ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ ജില്ല കലക്ടര്‍ വി.ആര്. വിനോദ്, ജില്ല പൊലീസ് മേധാവി എസ്. ശശിധരന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) പ്രതിനിധികൾ തുടങ്ങിയവരും ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നമദേവ് കോബർഗഡേ ഓൺലൈനായും പങ്കെടുത്തു.