കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്
July 9, 2024തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ തിരിച്ചെത്തുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. തലസ്ഥാനത്ത് സ്ഥിരീകരിച്ച കോളറക്ക് പുറമേ, സംസ്ഥാന വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന മഞ്ഞപ്പിത്ത ബാധയാണ് ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നത്.
മൂന്നു വിധത്തിലാണ് കോളറ ബാധ. നിർജലീകരണം ഇല്ലാത്തവരാണെങ്കിലും കോളറ സംശയമുള്ളവരാണ് ഇതിലൊന്ന്. ലക്ഷണം ഇല്ലെങ്കിലും ഡോക്ടറുടെ നിരീക്ഷണത്തിലാകും ഇവർക്കുള്ള ചികിത്സ. മിതമായ നിലയിലെ നിർജലീകരണമാണ് രണ്ടാമത്തെ വിഭാഗം. അസ്വസ്ഥത, കുഴിഞ്ഞ കണ്ണുകൾ, അമിത ദാഹം എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണ വയറിളക്കമാണെങ്കിൽ ഇവർക്കും ഡോക്ടർമാർ നിർദേശിക്കുന്നുവെങ്കിൽ മാത്രം കിടത്തി ചികിത്സ ആവശ്യമാണ്. ഓർമക്കുറവ്, കടുത്ത തളർച്ച, ബോധക്ഷയം, വെള്ളം കുടിക്കാൻപോലും സാധിക്കാത്ത അവസ്ഥ എന്നിവയാണ് ഗുരുതര നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. തീവ്രപരിചരണം ആവശ്യമുള്ള അവസ്ഥയാണിത്.
ഏറെ കാലങ്ങൾക്ക് ശേഷമാണ് ഈ വർഷം സംസ്ഥാനത്ത് കോളറ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എട്ട് ടൈഫോയിഡ് കേസുകളും ഇക്കാലയളവിലുണ്ടായി. 2024 ൽ ഇതുവരെ 55 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനെല്ലാം പുറമേ, പ്രതിമാസം 37,500 പേരാണ് വയറിളക്ക രോഗങ്ങൾ മൂലം ചികിത്സ തേടുന്നത്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്.
1960-1970 കളിൽ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി പടർന്ന ജലജന്യരോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടിയത്. ജലജന്യരോഗങ്ങൾ സാധാരണ നഗരങ്ങളിലാണ് പൊട്ടിപ്പുറപ്പെടുക. എന്നാൽ ഇക്കുറി മഞ്ഞപ്പിത്തവും കോളറയുമടക്കം ഏറെയും ഗ്രാമങ്ങളിലാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ കുടിവെള്ളം സുരക്ഷിതമാണെന്നായിരുന്നു പൊതു വിലയിരുത്തൽ. നിലവിലെ രോഗസ്ഥിരീകരണ റിപ്പോർട്ടുകൾ നഗരങ്ങളെക്കാൾ ഗ്രാമങ്ങളിലെ കുടിവെള്ളം ശുചിത്വകാര്യത്തിൽ ഭീഷണിയിലാണെന്നാണ് അടിവരയിടുന്നത്. ജനുവരി ഒന്നമുതൽ ജൂൺ ആറു വരെ അഞ്ചുമാസക്കാലയളവിൽ 2544 പേർക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായത്.
ഇതിന് പുറമേ, മറ്റ് രോഗപ്പകർച്ചകളുടെ കാര്യത്തിലും കേരളം മുന്നിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകളും ഡെങ്കിമരണങ്ങളും റിപ്പോർട്ട് ചെയ്തത് കേരളത്തിലെന്നാണ് കേന്ദ്ര റിപ്പോർട്ട്. 2023ൽ കേരളത്തിൽ 9770 ഡെങ്കി കേസുകളും 37 മരണങ്ങളുമുണ്ടായി എന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ‘എൻവിസ്റ്റ ഇന്ത്യ-2024’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 ൽ 4083 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണ് അഞ്ചു വർഷംകൊണ്ട് ഇരട്ടിയിലേറെ വർധനയുണ്ടായത്.