വള്ളിക്കുന്ന് കൊടക്കാട്മഞ്ഞപ്പിത്ത ബാധ
June 12, 2024വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ വാർഡ് 15 കൊടക്കാട് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്. ഒരു കുടുംബത്തിലെ 16 പേർക്കാണ് ഒരേ സമയം രോഗം റിപ്പോർട്ട് ചെയ്തത്. അടിയന്തര സാഹചര്യം വിലയിരുത്താനും മുന്നൊരുക്ക പ്രവർത്തനങ്ങൾ എകോപിപ്പിക്കാനുമായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വാർഡിലെ മുഴുവൻ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ തീരുമാനിച്ചു. വിവാഹങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവ ആരോഗ്യ വകുപ്പിനെ മുൻകൂട്ടി അറിയിക്കണമെന്നും പനി, വയറുവേദന, ഛർദി, ശരീരത്തിൽ മഞ്ഞ നിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടണമെന്നും ആരോഗ്യവകുപ്പിനെ അറിയക്കണമെന്നും യോഗം നിർദേശിച്ചു.
ഒരു വിവാഹ പരിപാടിയിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹെൽത്ത് ഇൻപെക്ടർ പി.കെ. സ്വപ്ന പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. സിന്ധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജി കൽപ്പാലത്തിങ്ങൽ, വി. ശ്രീനാഥ്, സിന്ധു ബൈജുനാഥ്, എം.കെ കബീർ, വിനീത കാളാടൻ, സുഹറ, ഉഷാ ചേലക്കൽ, ആശാവർക്കമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നന്ദിയും പറഞ്ഞു.