
കിടപ്പ് രോഗികൾക്കായുള്ള യന്ത്രക്കിടക്ക; രോഗിയായ അച്ഛന് വേണ്ടി മകന്‍റെ കണ്ടുപിടുത്തം
June 11, 2024ആലപ്പുഴ: കിടപ്പിലായ പിതാവിനെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന പ്രായാധിക്യമുള്ള അമ്മയെ സഹായിക്കാനുള്ള വഴികളെ കുറിച്ച് ആസ്‌ട്രേലിയയിലെ പ്രവാസി മലയാളിയായ 47കാരൻ ദിലീപ് കുമാറിന്‍റെ അന്വേഷണം ചെന്നെത്തിയത് സ്വയം രൂപപ്പെടുത്തിയ യന്ത്ര കട്ടിലിലാണ്. ഇപ്പോഴിത് ദിലീപ്കുമാറിന്‍റെ അച്ഛന് മാത്രമല്ല, കിടപ്പ് രോഗികൾക്കാകെ ആശ്വാസമാകുന്ന കണ്ടുപിടുത്തമായി അത് മാറി.
പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് 78കാരനായ പിതാവ് രാധാകൃഷ്ണ പിള്ളയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് കുമാറിന് ആസ്‌ട്രേലിയയിൽ നിന്ന് പലതവണ കേരളത്തിലേക്ക് പറക്കേണ്ടി വന്നു. അച്ഛനെ തനിയെ പരിപാലിക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന അമ്മ ഹോം നഴ്സിനെ നിർത്താൻ സമ്മതിച്ചിരുന്നില്ല. കിടപ്പിലായ അച്ഛനെ കുളിമുറിയിൽ കൊണ്ടുപോകാൻ പോലും 73കാരിയായ അമ്മ സുധാമണി ബുദ്ധിമുട്ടുന്നത് നേരിൽ കണ്ട ദിലീപ് കുമാർ അമ്മയെ സഹായിക്കാനുള്ള വഴികൾ ആലോചിച്ചു. അമ്മ ഒരിക്കലും തന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ച് പരാതി പറഞ്ഞില്ലെങ്കിലും അമ്മയെ സഹായിക്കാൻ ഒരു പരിഹാരം ഉണ്ടാക്കാൻ ദിലീപ് കുമാർ തീരുമാനിച്ചു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിൽ പിതാവിന് യാതൊരു നിയന്ത്രണവുമില്ലാതിരുന്നതും അണുബാധ തടയാനും തുടർച്ചയായ കിടപ്പ് മൂലമുണ്ടാകുന്ന വൃണങ്ങൾ വരാതെ നോക്കുന്നതിനും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണമായിരുന്നു.
രോഗിക്ക് കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും ഒപ്പം നിൽക്കുന്ന ഒരാൾക്ക് രോഗിയെ കുളിമുറിയിലേക്ക് മാറ്റാതെ തന്നെ കഴുകി വൃത്തിയാക്കാനും കഴിയുന്ന തരത്തിൽ ഒരു കിടക്ക ഉണ്ടാക്കുക എന്ന ആശയം വന്നത് അങ്ങനെയായിരുന്നുവെന്ന് ദിലീപ് കുമാർ പറഞ്ഞു. അച്ഛൻ ഒരു മാസത്തോളം കിടക്കയിൽ കിടന്നു. അച്ഛന്‍റെ മരണശേഷം അമ്മയാണ് കിടക്ക ഉപയോഗിക്കുന്നത്. എഞ്ചിനീയറിംഗ് പശ്ചാത്തലം ഇല്ലാതിരുന്നിട്ടും കിടക്കയുടെ രേഖാചിത്രം വരച്ച ദിലീപ് കുമാർ വിപണിയിൽ ലഭ്യമായ വിവിധ തരത്തിലുള്ള രോഗീ പരിചരണ കിടക്കകളെക്കുറിച്ച് നേരിട്ട് അറിയാൻ അത് ലഭ്യമായ പല സ്ഥലങ്ങളും സന്ദർശിച്ചു.
“ഞാൻ എന്‍റെ വീട്ടിലേക്ക് ഒരു ആശുപത്രി കിടക്ക കൊണ്ടുവന്നു, കിടക്കയുടെ വ്യത്യസ്ത സംവിധാനങ്ങളും സവിശേഷതകളും പഠിച്ചു. എന്‍റെ ആശയം വിശദീകരിച്ചപ്പോൾ എന്നെ സഹായിക്കാൻ എന്‍റെ ഹൗസ് മാനേജർ സദാശിവൻ കൃഷ്ണൻകുട്ടി തയാറായത് ഭാഗ്യമായി. ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് ആശയം പ്രവർത്തിക്കാൻ തുടങ്ങി,” ദിലീപ് കുമാർ പറഞ്ഞു. രോഗിയെ കിടക്കയിൽ നിന്ന് മാറ്റാതെ തന്നെ കഴുകി വൃത്തിയാക്കാനുള്ള സൗകര്യമുണ്ടെന്നതാണ് ദിലീപ് കുമാർ നിർമിച്ച കട്ടിലിന്‍റെ പ്രത്യേകത. കിടന്നു കൊണ്ട് തന്നെ രോഗിക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയും.
മാസങ്ങളുടെ അധ്വാനത്തിന് ശേഷമാണ് ശാരീരിക അവശതകളുള്ള രോഗിക്ക് സുഖമായി ഉറങ്ങാൻ കഴിയുന്ന സവിശേഷമായ ഒരു കിടക്ക ഉണ്ടാക്കാൻ ദിലീപിന് കഴിഞ്ഞത്. ആവശ്യമെങ്കിൽ കട്ടിലിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കഴിയും. രോഗിയെ കട്ടിലിൽ നിന്ന് മാറ്റാതെ തന്നെ കഴുകി വൃത്തിയാക്കി ഉണക്കാനുള്ള സൗകര്യവും കട്ടിലിനുണ്ട്, അതും ഒരു സ്വിച്ച് അമർത്തിയാൽ മാത്രം മതി.
കിടക്കുന്ന അവസ്ഥയിൽ മലമൂത്ര വിസർജനം നടത്താൻ കഴിയുമെന്നതിനാൽ ഡയപ്പറുകൾ ഉപയോഗിക്കുന്നത് നിർത്തി, യൂറിൻ കത്തീറ്റർ നീക്കം ചെയ്തു. ഒരു ബട്ടൺ അമർത്തി കട്ടിലിൽ തന്നെ കഴുകി വൃത്തിയാക്കാം. ഈ കിടക്ക ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം തന്‍റെ അച്ഛന്‍റെ മൂത്രനാളിയിലെ അണുബാധ ഭേദമായി -ദിലീപ് കുമാർ കൂട്ടിച്ചേർത്തു. കിടക്കയുടെ പേറ്റന്‍റിനായി അപേക്ഷ നൽകിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കിടക്ക വിൽക്കാൻ ദിലീപ്കുമാർ തയാറാകുന്നില്ല. സുഖമില്ലാത്തവർക്ക് നൽകണം അത് മാത്രമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.