വെസ്റ്റ് നെയിൽ പനി; പോരൂരിൽ പ്രതിരോധ പ്രവർത്തനം ഊർജിതം
June 11, 2024പോരൂർ: പഞ്ചായത്ത് പതിനാറാം വാർഡിൽ വെസ്റ്റ് നെയിൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. വൃത്തിയില്ലാത്ത വെള്ളത്തിൽ വളരുന്ന ക്യുലക്സ് കൊതുകിൽ നിന്നാണ് വെസ്റ്റ് നെയിൽ പനി പകരുന്നത്. കഴിഞ്ഞദിവസങ്ങളിൽ പനി സർവേ സോഴ്സ് റിഡക്ഷൻ, വെക്ടർ സ്റ്റഡി എന്നിവ നടത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് അണുനശീകരണം നടത്തിയത്.
പ്രതിരോധ പ്രവർത്തങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ, വാർഡ് അംഗം വി. മുഹമ്മദ് റാഷിദ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വളന്റിയർമാർ എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ 68 വീടുകളിൽ ഇതിനോടനുബന്ധിച്ച് നിരീക്ഷണം നടത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.