മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

May 26, 2024 0 By KeralaHealthNews

ന്യൂഡൽഹി: മുലപ്പാലിന്റെ വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ക​ഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. 2006-ലെ എഫ്.എസ്.എസ് ആക്‌ട് പ്രകാരം മുലപ്പാൽ വിൽക്കുന്നതും സംസ്കരിക്കാനോ പാടില്ല.

നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പു​മായി അധികൃതർ രംഗ​ത്തെത്തിയത്.

ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സാമുഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച പരസ്യം വരുന്നതും അടുത്തിടെയായി വർധിച്ചിരുന്നു. ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പനയെന്നാണ് പറയുന്നത്. മുലപ്പാൽ ദാനം സ്വതന്ത്രമായും സ്വമേധയാ നടത്തണം, ദാതാവിന് യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും നൽകാതെ ദാനം ചെയ്ത പാൽ നവജാതശിശുക്കൾക്കും ആശുപത്രിയിലെ മറ്റ് അമ്മമാരുടെ ശിശുക്കൾക്കും ഭക്ഷണം നൽകുന്നതിന് സൗജന്യമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ ചട്ടങ്ങൾ പറയുന്നത്.

Kerala Health News | Best Health News Portal in Kerala