നിസ്സാരമല്ല ലോ ബാക്ക് പെയിൻ; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പരിചരണ രീതികളും
May 19, 2024ഇരിക്കുമ്പോഴോ എഴുന്നേൽക്കുമ്പോഴോ നടുവിന്റെ താഴ് ഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാറുണ്ടോ? കുനിയാനോ ഭാരം എടുക്കാനോ ഒട്ടും സാധിക്കാതെ വരുന്നുണ്ടോ? നിങ്ങൾക് ലോ ബാക്ക് പെയിനുണ്ട് എന്നതിന്റെ ലക്ഷങ്ങളാണിവ. കഠിനാധ്വാനം ചെയ്യുന്നവർക്കും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കുമൊക്കെ വരാൻ സാധ്യതയുള്ള അവസ്ഥയാണിത്. പലരും ഈ വേദനയെ ആദ്യം കാര്യമായി എടുക്കാറില്ലെങ്കിലും, തക്ക സമയത്ത് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ സ്ഥിരമായ വൈകല്യത്തിലേക് വരെ നയിക്കാവുന്ന പേശി-അസ്ഥി സംബന്ധമായ അവസ്ഥകളിലൊന്നാണ് നടുവിന്റെ കീഴ്ഭാഗത്തെ വേദന അഥവാ ലോ ബാക്ക് പെയിൻ (LBP). ലോകമെമ്പാടും പ്രായഭേദമെന്യേ വ്യാപകമായി എല്ലാവരിലും ഇത് കാണപ്പെടാറുമുണ്ട്
എങ്ങിനെ ലോ ബാക്ക് പെയിൻ തിരിച്ചറിയാം?
സമഗ്രമായ വൈദ്യ പരിശോധനയിലൂടെ വേദനയുടെ ആരംഭം, ദൈർഘ്യം, അനുഭവപ്പെടുന്ന സ്ഥലം, സ്വഭാവസവിശേഷതകൾ, വേദന വർദ്ധിപ്പിക്കുന്നതോ ലഘൂകരിക്കുന്നതോ ആയ ഘടകങ്ങൾ എന്നിവ മനസിലാക്കാം. ശരീര പരിശോധനയിലൂടെ ശരീരത്തിന്റെ സ്ഥിതി, ചലനത്തിൻ്റെ വ്യാപ്തി, പേശികളുടെ ശക്തി, റിഫ്ലെക്സുകൾ, വേദനയുള്ള സ്ഥലത്തെ സംവേദനം എന്നിവ വിലയിരുത്താം.കാല് വേദന, മരവിപ്പ്, തരിപ്പ്, ബലഹീനത തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ നാഡികളുടെ പ്രശ്നത്തെ സൂചിപ്പിക്കുന്നു.
സുഷുമ്നാ ഘടനയിൽ അസാധാരണകളുണ്ടോയെന്നു എക്സ്-റേ, എംആർഐ, സിടി സ്കാനുകൾ തുടങ്ങിയുള്ള ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലൂടെ കണ്ടെത്താം. എന്നാൽ, അനാവശ്യമായ ഇമേജിംഗ് അമിത രോഗനിർണയത്തിനും അമിത ചികിത്സയ്ക്കും കാരണമാകും. മിക്ക ലോ ബാക്ക് പെയിൻ കേസുകളും കാര്യമായ ഇടപെടലില്ലാതെ പരിഹരിക്കപ്പെടുന്നതാണ്.
എന്താണ് ലോ ബാക്ക് പെയിൻ?
സാധാരണയായി, താഴത്തെ വാരിയെല്ലിന്റെ അരികുകൾക്കും ഗ്ലൂറ്റിയൽ മടക്കുകൾക്കും ഇടയിലുള്ള ഭാഗത്ത് മടുപ്പുളവാക്കുന്നതോ, അസഹ്യമായതോ, കടച്ചിലുള്ളതോ ആയ അസ്വാസ്ഥ്യമോ വേദനയോ കല്ലിപ്പോ ആയാണ് ലോ ബാക്ക് പെയിൻ അനുഭവപ്പെടാറുള്ളത്. ഈ രോഗലക്ഷണങ്ങളുടെ തീവ്രതയും ദൈർഘ്യവും വ്യത്യസ്തമായിരിക്കും. സാധാരണ ഗതിയിൽ ആറ്ആഴ്ചകൾക്കുള്ളിൽ ഇത് മാറേണ്ടതാണ്. ആറ് അല്ലെങ്കിൽ പന്ത്രണ്ടു ആഴ്ചകൾക്കുമപ്പുറം നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ തീർച്ചയായും കാണേണ്ടതാണ്. ചില അവസരങ്ങളിൽ, ഈ വേദന നിതംബത്തിലേക്കോ തുടകളിലേക്കോ കാലുകളിലേക്കോ പ്രസരിച്ചേക്കാം. പ്രധാനമായും സുഷുമ്നാ നാഡികളുടെ ഞെരുങ്ങൽ മൂലമുണ്ടാകുന്ന ഈ അവസ്ഥയെ ‘സയാറ്റിക്ക’ എന്നാണ് വിളിക്കുന്നത്. മരവിപ്പ്, തരിപ്പ്, ബലഹീനത തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
എന്താണ് രോഗകാരണങ്ങൾ?
അമിതഭാരം എടുക്കുകയോ, പെട്ടന്ന് കുനിയുകയോ, തിരിയുകയോ ചെയ്യുമ്പോളുണ്ടാകുന്ന പേശി വലിവുകൾ, ഉളുക്ക്, ഡിസ്ക് തള്ളിച്ച, ഫെസെറ്റ് ജോയിന്റിന്റെ പ്രവർത്തനശേഷി നഷ്ടമാവൽ തുടങ്ങി നിരവധി കാരണങ്ങൾ ലോ ബാക് പെയിനിനു കാരണമാവാം. പ്രായമേറുമ്പോൾ നട്ടെല്ലിനുണ്ടാകുന്ന തേയ്മാനം മൂലമുളവാകുന്ന സന്ധിവാതം, സുഷുമ്നാ നാഡിയുടെ ചുരുങ്ങൽ, ഡിസ്ക് ഷെയിച്ചു പോവുന്ന അവസ്ഥ, നട്ടെല്ലിലെ കശേരുക്കൾ സ്ഥാനം തെറ്റൽ തുടങ്ങിയവയും കാരണമാവാറുണ്ട്.
സുഷുമ്ന സന്ധികളിലോ അതിനു ചുറ്റുമുള്ള കോശങ്ങളിലോ നീരുവീക്കം കൊണ്ട് ഉണ്ടാകുന്ന ആമവാതം പോലുള്ള സന്ധിവാതങ്ങൾ; അപകടങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും ആഘാതം മൂലമുണ്ടാവുന്ന ഒടിവുകൾ, സ്ഥാനഭ്രംശങ്ങൾ, സുഷുമ്ന നാഡിയുടെ പരിക്കുകൾ; സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, അനാരോഗ്യകരമായ ശീലങ്ങൾ എന്നിവയും നടുവേദന ഉളവാക്കാം.
എങ്ങിനെ ചികിത്സിക്കാം?
ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കു അനുയോജ്യമായ വിവിധ തെറാപ്പികളിലൂടെ ലോ ബാക്ക് പെയിൻ ചികിത്സിക്കാവുന്നതാണ്. വിശ്രമം, ചൂട് അല്ലെങ്കിൽ ഐസ് തെറാപ്പി, മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാവുന്ന വേദന മരുന്നുകൾ, സ്ട്രെച്ചിങ് -സ്ട്രെങ്തനിങ് വ്യായാമങ്ങൾ, മുറുകിയിരിക്കുന്ന സന്ധികളെയും മൃദുവായ ടിഷ്യുകളെയും അനക്കുന്നതിനുള്ള തെറാപ്പികൾ എന്നിവ പൊതുവായി അവലംബിക്കുന്ന ചില രീതികളാണ്. എന്നാൽ, ശരിയായ വിലയിരുത്തലും മാർഗനിർദേശവുമില്ലാതെ സന്ധികളെ അനക്കുന്നത് ‘സ്ഥിരമായ ന്യൂറോളജിക്കൽ ഡെഫിസിറ്റ്’ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
സാധാരണ രീതികളോട് പ്രതികരിക്കാത്ത സന്ദർഭങ്ങളിൽ, വേദന കുറക്കുന്നതിനുള്ള കുത്തിവെപ്പുകൾ, അല്ലെങ്കിൽ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ വേദനയിൽ നിന്ന് താത്കാലിക ആശ്വാസം നൽകാൻ സാധിക്കും. മറ്റൊരു രീതി ആരോഗ്യകരമായ ശീലങ്ങൾ വികസിപ്പിച്ചു രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (cognitive behavioural therapy), മൈൻഡ്ഫുൾനെസ് (mindfulness) അടിസ്ഥാനമാക്കിയുള്ള സ്ട്രെസ് കുറയ്ക്കൽ, വേദന നേരിടാനുള്ള കഴിവുകൾ പരിശീലിപ്പിക്കൽ എന്നിവ വേദനക്ക് കാരണമാകുന്ന മാനസിക ഘടകങ്ങളെ നിയന്ത്രിക്കും.
കഠിനമായതോ നീണ്ടുനിൽക്കുന്നതോ ആയ വേദനയ്ക്ക് മസിൽ റിലാക്സൻ്റുകൾ, ഗബാപെൻ്റിൻ, പ്രെഗബാലിൻ (gabapentin, pregabalin) പോലുള്ള ന്യൂറോപതിക് ഏജൻ്റുകൾ അല്ലെങ്കിൽ ഒപ്പിയോയിഡ് (opioid) പോലുള്ള വേദനസംഹാരികൾ പരിഹാരമാണ്. എന്നാൽ, കൂടുതൽ കാലം ഈ മരുന്നുകളെ ആശ്രയിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. നാഡീ വേരുകൾ ഞെരുങ്ങുന്ന കൗഡ ഇക്വിന സിൻഡ്രോം (Cauda Equina Syndrome) പോലുള്ള ഗുരുതര സാഹചര്യങ്ങൾക്ക് ഡിസെക്ടമി, ലാമിനക്ടമി, സ്പൈനൽ ഫ്യൂഷൻ, കൃത്രിമ ഡിസ്ക് മാറ്റിസ്ഥാപിക്കൽ തുടങ്ങിയ ശസ്ത്രക്രിയ രീതികളാണ് പരിഹാരം.
ചുരുക്കത്തിൽ, ലോ ബാക്ക് പെയിനിറെ പരിചരണത്തിന് സമഗ്രവും വ്യക്തിഗതവുമായ സമീപനം ആവശ്യമാണ്. കൃത്യമായ വിലയിരുത്തലിലൂടെയും ചികിത്സ്യിലൂടെയും, ഡോക്ടർമാർക്ക് ലോ ബാക്ക് പെയിൻ പരിഹരിക്കാനും രോഗികളുടെ ജീവിതനിലവാരം ഉയർത്താനും കഴിയും. ലോ ബാക്ക് പെയിനിനെ കുറിച് രോഗികളെ ബോധവാന്മാരാക്കുന്നതും ഉചിതമായ മാർഗനിർദേശങ്ങൾ പങ്കുവെക്കുന്നതും ഇത് പരിഹരിക്കാൻ സഹായിക്കും.