മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതം
May 15, 2024നിലമ്പൂർ: ജില്ലയിൽ വൈറൽ മഞ്ഞപ്പിത്തം വ്യാപകമായതോടെ പഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി ഊർജിതമാക്കി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശ പ്രകാരം മഞ്ഞപ്പിത്ത വ്യാപനമുള്ള ചാലിയാറിലും പോത്തുകല്ലിലും ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുകയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. ഇതുപ്രകാരമാണ് പ്രതിരോധ നടപടി പുരോഗമിക്കുന്നത്. പോത്തുകല്ല് പഞ്ചായത്തിൽ ചൊവാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ 24 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരു സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളജിലാണ്. പഞ്ചായത്തിലെ കോടാലിപ്പൊയിൽ, വെളുമ്പിയംപാടം വാർഡുകളിലാണ് കൂടുതൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തത്. രോഗികളുടെ സമ്പർക്കം തടയാനുള്ള ബോധവത്കരണത്തിനാണ് ഊന്നൽ.
ചികിത്സകഴിഞ്ഞ് വിശ്രമത്തിനായി വീട്ടിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗികളുടെ യാത്രകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രതിരോധ പ്രവർത്തനം. എല്ലാ വാർഡുകളിലും വാർഡ് മെംബറുടെ നേതൃത്വത്തിലുള്ള ആരോഗ്യ ജാഗ്രത സമിതികൾ രൂപവത്കരിച്ചു. പോത്തുകല്ലിൽ മെഡിക്കൽ ഓഫിസർ ഡോ. പർവീണയുടെയും പഞ്ചായത്ത് പ്രസിഡന്റ് വിദ്യരാജന്റെയും മേൽനോട്ടത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.
പ്രതിരോധശേഷി കുറഞ്ഞവരിൽ മഞ്ഞപ്പിത്തം ഏറെ അപകടം
മലപ്പുറം: രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും അടുത്ത സമ്പര്‍ക്കത്തിലൂടെ പകരാന്‍ സാധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഹെപ്പറ്റൈറ്റിസ്-എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.
രണ്ടു മുതല്‍ ആറു ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളൂ. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചു.
പ്രവർത്തനം വിലയിരുത്താൻ ഈ മാസം 20, 21, 22 തീയതികളിൽ പഞ്ചായത്തുതല യോഗം ചേരും. പോത്തുകല്ലിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സോളാർ ഫെൻസിങ് തൊഴിലാളിക്കാണ് ഡെങ്കി റിപ്പോർട്ട് ചെയ്തത്. ഇയാൾ ചികിത്സയിലാണ്. ചാലിയാർ പഞ്ചായത്തിൽ നേരത്തെ ആറുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇവിടെ വാർഡുതല യോഗങ്ങൾ നടന്നുവരുന്നു.
രോഗികളുള്ള പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ മാത്രമാണ് ഇപ്പോൾ ക്ലോറിനേഷൻ നടത്തിവരുന്നത്. വേനലിൽ കിണറുകളിൽ വെള്ളം തീരെ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ക്ലോറിനേഷൻ പരിമിതപ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ ആറു പേർക്കാണ് ഇവിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ ചികിത്സയിലാണ്. നാലുപേർ ആശുപത്രിയിൽനിന്ന് വീട്ടിലെത്തി ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
ചൊവാഴ്ചത്തെ പ്രതിരോധ പ്രവർത്തനം അവലോകനം ചെയ്യാൻ ഡോ. ഐഷക്കുട്ടി എളയടത്തിന്റെ നേതൃത്വത്തിൽ ചാലിയാർ പി.എച്ച്.സിയിൽ അവലോകനം യോഗം ചേർന്നു. ചൊവാഴ്ച പുതിയ കേസുകൾ ചാലിയാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിരോധ പ്രവർത്തന റിപ്പോർട്ട് ഓരോ ദിവസവും ചുങ്കത്തറ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന് കൈമാറും. ഇവിടെനിന്ന് ലഭിക്കുന്ന നിർദേശത്തിന് അനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനമാണ് ചാലിയാർ പഞ്ചായത്തിൽ നടത്തുന്നത്.
പ്രതിരോധ മാര്‍ഗങ്ങള്‍
– തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
– തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
– കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
– സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
– ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
– രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.