മരുന്ന് കഴിച്ചിട്ടും വിറ്റമിൻ ഡി കൂടുന്നില്ലേ?
May 10, 2024വിറ്റമിൻ ഡി ശരീരം ആഗിരണം ചെയ്യാതിരിക്കുന്നതിന് കാരണമായ ചില തെറ്റുകൾ ഇതാ:
എല്ല് ബലത്തിനും പ്രതിരോധശേഷിക്കും മാനസികാരോഗ്യത്തിനുമെല്ലാം അനിവാര്യമായ വിറ്റമിൻ ഡിയുടെ അഭാവം ചില്ലറയൊന്നുമല്ല പ്രശ്നം സൃഷ്ടിക്കുക. ഡി കുറവാണെങ്കിൽ ടാബ്ലറ്റുകൾ കഴിക്കാൻ പറയും ഡോക്ടർമാർ. എന്നാൽ, മരുന്ന് കഴിച്ചിട്ടും മാറ്റമില്ലെങ്കിലോ? അതിനു കാരണം മറ്റു ചിലതാണ്.
- മഗ്നീഷ്യം കുറവ്: വിറ്റമിൻ ഡി ശരീരത്തിൽ ശരിയാംവണ്ണം ആഗിരണം ചെയ്യപ്പെടാനും അത് ഉപകാരപ്പെടാനും മഗ്നീഷ്യം അനിവാര്യമാണ്. അതുകൊണ്ട് മഗ്നീഷ്യവും പരിശോധിക്കണം.
- ഏറ്റവും നാച്വറലായ വിറ്റമിൻ ഡി ഉറവിടമായ സൂര്യപ്രകാശം ആവശ്യത്തിന് ഏൽക്കാത്തവരും സ്ഥിരമായി സൺസ്ക്രീൻ ഉപയോഗിക്കുന്നവരുമാണെങ്കിൽ, സപ്ലിമെന്റുകൾ ഉപയോഗിച്ചാലും ‘ഡി’ ആഗിരണം ചെയ്യാത്ത അവസ്ഥയുണ്ടാകും.
- നല്ല കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്റെ കൂടെയാണ് വിറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നതെങ്കിൽ കൂടുതൽ നന്നായി ആഗിരണം ചെയ്യപ്പെടും. മറിച്ചായാൽ ആഗിരണത്തോത് കുറയും.
- ഉദരസംബന്ധമായ/ ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ വിറ്റമിൻ ഡി ആഗിരണം നല്ലതാവില്ല. ഡയറ്റ് ശീലം മെച്ചപ്പെടുത്തിയും ദഹന പ്രശ്നങ്ങൾക്ക് ചികിത്സയെടുത്തും പരിഹാരം കാണണം.
- വിറ്റമിൻ ഡി ശരിയായി ആഗിരണം ചെയ്യപ്പെടാനും വിനിയോഗിക്കപ്പെടാനും വിറ്റമിൻ കെ അത്യാവശ്യമാണ്.
- മറ്റ് അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളിൽ ചിലത് വിറ്റമിൻ ഡിയുടെ ആഗിരണത്തെ ബാധിക്കും. ഡോക്ടറുമായി സംസാരിച്ച് വേണ്ട മാറ്റം വരുത്തണം.
- പ്രായം, തൊലിയുടെ നിറം, അധിവസിക്കുന്ന മേഖലയുടെ ഭൂമിശാസ്ത്രം, സൂര്യവെളിച്ച സാന്നിധ്യം എന്നിവയെല്ലാം വിറ്റമിൻ ഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുെകാണ്ട് ഡോക്ടറുടെ നിർദേശപ്രകാരമാകണം സപ്ലിമെന്റ് ഉപയോഗം.