ശബ്ദമലിനീകരണം ഹൃദയത്തിന് ഹാനികരം
April 30, 2024ശബ്ദമലിനീകരണം ഹൃദയാഘാതം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ട്രാഫിക് ശബ്ദം 10 ഡസിബൽ വർധിക്കുമ്പോൾ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത 3.2 ശതമാനം കൂടുന്നുവെന്നാണ് കണ്ടെത്തൽ.
പ്രത്യേകിച്ച് രാത്രി സമയങ്ങളിലെ ശബ്ദം മൂലം ഉറക്കം തടസ്സപ്പെടുന്നതും ഉറക്കം കുറയുന്നതും രക്തക്കുഴലുകളിൽ സ്ട്രെസ് ഹോർമോണുകളുടെ അളവ് വർധിപ്പിക്കും. അത് ഉയർന്ന രക്തസമ്മർദത്തിനും രക്തക്കുഴൽ സംബന്ധമായ രോഗങ്ങൾക്കും ഇടയാക്കും. ജർമനിയിലെ യൂനിവേഴ്സിറ്റി മെഡിക്കൽ സെൻറർ മെയിൻസിലെ സീനിയർ പ്രഫസർ തോമസ് മ്യൂൻസെലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
റെയിൽവേ, റോഡ് അധികൃതർ ശബ്ദ മലിനീകരണം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പഠനം നിർദേശിക്കുന്നു. ശബ്ദം കുറക്കുന്ന വസ്തുക്കൾ റോഡ് നിർമാണത്തിന് ഉപയോഗിക്കുക, ഡ്രൈവിങ് വേഗതയുടെ നിയന്ത്രണം, കുറഞ്ഞ ശബ്ദമുണ്ടാക്കുന്ന ടയറുകളുടെ ഉപയോഗം എന്നിവ ശബ്ദം കുറക്കാൻ സഹായകമാകും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നത് വാഹനങ്ങളുടെ എണ്ണം കുറക്കാനും അതുവഴി ശബ്ദം കുറക്കാനും സഹായകമാകുമെന്നും ഗവേഷകർ നിർദേശിക്കുന്നു.