സോഫ്റ്റ് ഡ്രിങ്ക്സിന്റെ അമിതോപയോഗം; കൗമാരക്കാരന്റെ വാരിയെല്ല് പൊട്ടി
April 12, 2024മസ്കത്ത്: ശീതള പാനീയത്തിന്റെ (സോഫ്റ്റ് ഡ്രിങ്ക്സ്) അമിത ഉപയോഗം കാരണം കൗമാരക്കാരന്റെ വാരിയെല്ല് പൊട്ടി. 17 വയസ്സുകാരനെയാണ് വാരിയെല്ല് പൊട്ടിയ നിലയിൽ പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ഇത് ശീതള പാനീയത്തിന്റെ അമിത ഉപയോഗം മൂലം സംഭവിച്ചതാണെന്ന് ഒമാനിലെ ഒരു ഉന്നത ഡോക്ടർ പറഞ്ഞു.
പ്രാദേശിക വാർത്ത ചാനലിലെ ടോക്ക് ഷോക്കിടെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. സഹെർ അൽ ഖറൂസിയാണ് ഈ കേസിനെക്കുറിച്ച് സംസാരിച്ചത്.
ദിവസവും 12 കാൻ ശീതള പാനീയം കുടിക്കുന്ന വ്യക്തിയായിരുന്നു 17 വയസ്സുകാരൻ. ഒരുദിവസം ഉറക്കത്തിൽനിന്ന് എണീറ്റപ്പോഴാണ് വാരിയെല്ലിന് ഒടിവ് സംഭവിച്ചതായി കണ്ടെത്തിയതെന്ന് ഡോക്ടർ പറഞ്ഞു. പ്രശസ്ത ശീതളപാനീയത്തിൽ കണ്ടെത്തിയ ഇ.ഡി.ടി.എ (എഥിലിനേഡിയമിനെട്രാസെറ്റിക് ആസിഡ്) എന്ന അപകടകരമായ പദാർഥം മൂലമാണിതെന്ന് ഡോ. ഖറൂസി പറഞ്ഞു.
ബോയിലറുകളിലെ ഉപ്പ് ഇല്ലാതാക്കാനാണ് ഇ.ഡി.ടി.എ സാധാരണയായി ഉപയോഗിക്കുന്നത്. അമിതമായ അളവിൽ ഇത് കഴിക്കുമ്പോൾ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു.