പരപ്പനങ്ങാടിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻജ്വരം
January 18, 2024പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. നെടുവ പൂവത്താൻകുന്നിലെ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചതായി പരിശോധന ഫലം വന്നത്. 10 ദിവസം മുമ്പേ പനി ബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ റിസൾട്ടിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
താരതമ്യേന രോഗപ്രതിരോധം കുറവുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ജപ്പാന്‍ജ്വരം എളുപ്പം ബാധിക്കുന്നത്. കൊതുകിന്റെ ഉറവിട നശീകരണം കാര്യക്ഷമമാക്കുക, ഫോഗിങ് നടത്തുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക എന്നിവ രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണം.
രോഗലക്ഷണം കണ്ടാല്‍ ഉടൻ ചികിത്സതേടണം. ഏതുതരം പനിയായാലും വൈദ്യസഹായം തേടണം. കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ജ്വരം പകരില്ല എന്നത് ആശ്വാസകരമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ മുട്ടയിടുന്ന ക്യൂലെക്സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
പരപ്പനങ്ങാടി: നഗരസഭ എട്ടാം ഡിവിഷനിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. വാസുദേവൻ തെക്കുവീട്ടിൽ, ആരോഗ്യ സൂപ്പർവൈസർ ഷാഹുൽ ഹമീദ്, എച്ച്.ഐ സബിത, ജെ.എച്ച്.ഐ താഹിറ എന്നിവർ പ്രദേശം സന്ദർശിച്ചു.
ഡിവിഷൻ കൗൺസിലർ ജയദേവന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ടീം രൂപവത്കരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംഘം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും പനി സർവേയും നടത്തി. പ്രദേശവാസികളെ ഉൾപ്പെടുത്തി കൗൺസിലറുടെ അധ്യക്ഷതയിൽ ബോധവത്കരണ ക്ലാസ് നടത്തി. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.