വീടുകളിൽ പെരുകുന്നു; അപായം അരളിച്ചെടി

വീടുകളിൽ പെരുകുന്നു; അപായം അരളിച്ചെടി

January 12, 2024 0 By KeralaHealthNews

അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ അരളി വളർത്തുന്നവരുടെ എണ്ണം കൂടുന്നു

പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള ‘ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്’ എന്ന കുള്ളൻ അരളിപ്പൂക്കൾ വീട്ടകങ്ങളിൽ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് മറക്കരുത്.

ഈ അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ ഇത് വളർത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.

ഉദ്യാനത്തിലും വിപണിയിലും ഡിമാൻഡ്

വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്‍പ്പിള്‍ നിറങ്ങളിൽ പൂക്കളുണ്ടാകുന്ന, ‘നിരിയം ഒലിയാണ്ടര്‍’ എന്ന വിഭാഗത്തിൽ പെടുന്ന സസ്യമാണ് അരളി. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായി എത്തിച്ചേരുന്നത്. ആയുർവേദത്തിൽ ഔഷധമായി ഇതിന്റെ വേര് മിതമായി ഉപയോഗിച്ചുവരുന്നുണ്ട്. പൂജാപുഷ്പമായും ഓണത്തിന് പൂക്കളത്തിലേക്കും ഇത് വരുന്നു. മികച്ച വിപണിസാധ്യതയുള്ളതിനാൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ‘ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്’ എന്ന, കടും പിങ്ക് പൂക്കള്‍ തരുന്ന ഇനത്തിനാണ് ഏറ്റവും പ്രചാരം. ഒറ്റത്തായ്ത്തടിയായി വളർത്തുന്നവയും സൂര്യപ്രകാശമുള്ള ഇടത്ത് സ്വയം വളരുന്നവയും ഇപ്പോൾ ആവശ്യക്കാരേറെയുള്ള ഇതേ കുടുംബമാണ്. 

വിഷമാണ്, സൂക്ഷിച്ച് നടണം

  • വിഷാംശമടങ്ങിയ അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങൾ ശരീരത്തിലെത്തിയാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
  • കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഒരു ഇല മതി കുട്ടികൾക്ക് പ്രശ്നം സൃഷ്ടിക്കാൻ. പൊതുസ്ഥലങ്ങളിൽ ഈ ചെടി നടുന്നത് പരമാവധി ഒഴിവാക്കണം.

ആരോഗ്യപ്രശ്നങ്ങൾ

  • അരളിയുടെ ഇല, തണ്ട്, വേര് ഭാഗങ്ങളിലെ വിഷാംശം ശരീരത്തിൽ എത്തരുത്. ചെറിയ അളവി​ൽ രക്തത്തിലെത്തിയാൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അളവ് കൂടിയാൽ മരണവും സംഭവിക്കാം. രക്തത്തിൽ ഒരു മില്ലി ലിറ്ററിൽ 1-2 നാനോ ഗ്രാം അരളി ഇലയിൽനിന്നുള്ള ‘ഒലിയാൻഡ്രിൻ’ എത്തിയാൽ വിഷബാധയുണ്ടാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.
  • 9.8 – 10 നാനോ ഗ്രാം ശരീരത്തിലെത്തിയാൽ പേശികള്‍ കോച്ചിവലിക്കും. ഹൃദയമിടിപ്പിന്റെ താളംതെറ്റി മരണംവരെയും സംഭവിക്കാം. ഛര്‍ദി, വയറിളക്കം, അധികമായ ഉമിനീര്‍ ഉല്‍പാദനം എന്നിവയും വിഷബാധ ലക്ഷണമാണ്. ഇതിന്റെ ഇല കഴിക്കുന്ന വളർത്തുമൃഗങ്ങൾക്കും അപകടം സംഭവിക്കാം.