പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
December 12, 2023പത്തനംതിട്ട: ജില്ലയില്‍ പലഭാഗങ്ങളിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനു സാഹചര്യമൊരുക്കുന്നത്. ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കൊപ്പം കോവിഡ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ചോ ആറോ ദിവസം നീളുന്ന പനി, ജലദോഷം, വിട്ടുമാറാത്തചുമ, തൊണ്ടവേദന, തലവേദന എന്നിവ സാധാരണയായി കാണുന്ന രോഗലക്ഷണങ്ങളാണ്.
പനി പലവിധമുള്ളതിനാല്‍ സ്വയംചികിത്സ ഒഴിവാക്കുകയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പില്‍നിന്ന് മരുന്ന് വാങ്ങുന്നത് ഒഴിവാക്കുകയും വേണം. കൃത്യമായ രോഗനിര്‍ണയത്തിനായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.
പനിയുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ടത്
നന്നായി വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുക. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുക. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ തൂവാല ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മാസ്ക് ധരിക്കുക. ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ചു അണുമുക്തമാക്കുക. പനിയുള്ളപ്പോള്‍ കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുക.