
കോവിഡ് രൂക്ഷമായാൽ എങ്ങനെ കൈകാര്യം ചെയ്യും? മോക് ഡ്രിൽ നടത്താനാവശ്യപ്പെട്ട് കേന്ദ്രം
December 26, 2022ന്യൂഡൽഹി: കോവിഡ് രൂക്ഷമായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആരോഗ്യ സംവിധാനങ്ങൾ മോക് ഡ്രിൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ. ചൈനയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം.
രാജ്യത്തെ എല്ലാ ആരോഗ്യ സംവിധാനങ്ങളും ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തണം. കിടക്കകൾ, ജീവനക്കാർ, മെഡിക്കൽ ഓക്സിജൻ എത്തിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നിനാണ് മോക് ഡ്രില്ലിൽ ഊന്നൽ നൽകേണ്ടത്.
കഴിഞ്ഞ രണ്ടാം തരംഗത്തിന്റെ ഏറ്റവും രൂക്ഷാവസ്ഥയിൽ രോഗികൾ ശ്വാസത്തിന് വേണ്ടി പിടയുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയിലായിരുന്നു ആരോഗ്യ സംവിധാനം. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതലുകൾ.
എല്ലാ ആരോഗ്യ സംവിധാനങ്ങളും ഒരുക്കി ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും എഴുതിയ കത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിക്കുന്നു. അതിനാലാണ് രാജ്യത്താകമാനം കോവിഡ് അടിയന്തരാവസ്ഥ നേരിടുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച മോക് ഡ്രിൽ നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പരിശോധനാ സംവിധാനങ്ങളുടെ സൗകര്യവും ഉറപ്പുവരുത്തണം. ആർ.ടി.പി.സി.ആർ പരിശോധനക്കും റാപിഡ് ആന്റിജൻ കിറ്റുകളുടെ ലഭ്യതയും ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.ഇന്നലെ 200 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.