വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്
December 1, 2023വിദേശ രാജ്യങ്ങളിൽനിന്ന് മെഡിക്കൽ ബിരുദമെടുത്തവർക്ക് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നടത്തി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള അർഹതാ നിർണയ പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ) ജനുവരി 20ന് നടത്തും. ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് (NBEMS) പരീക്ഷ നടത്തുന്നത്. കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങളാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത എഫ്.എം.ജി.ഇ പരീക്ഷയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ പ്രീ ആൻഡ് പാരാ ക്ലിനിക്കൽ വിഷയങ്ങളിൽ 100 മാർക്കിന്റെ ചോദ്യങ്ങളും ക്ലിനിക്കൽ വിഷയങ്ങളിൽ 200 മാർക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. പരീക്ഷാ വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാഘടന, സിലബസ് എന്നിവ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
പരീക്ഷാഫീസ് നികുതി ഉൾപ്പെടെ 7,080 രൂപ. ഓൺലൈനായി ഫീസ് അടക്കാം. ഡിസംബർ 13 വരെയാണ് രജിസ്ട്രേഷന് അവസരം. തെറ്റുണ്ടെങ്കിൽ തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കുന്നതിന് ഡിസംബർ 15-18 വരെ സമയം ലഭിക്കും.
രാവിലെ 9-11.30 വരെയും ഉച്ചക്കുശേഷം 2-4.30 വരെയും രണ്ട് സെഷനുകളായി നടത്തുന്ന എം.എം.ജി.ഇ സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടുന്നതിന് 50 ശതമാനത്തിൽ കുറയാതെ മാർക്ക് കരസ്ഥമാക്കണം. ഫെബ്രുവരിയിൽ ഫലപ്രഖ്യാപനമുണ്ടാകും.