ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ
November 21, 2023കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്തിയ കേസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഡി.എം.ഇ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ) റിപ്പോർട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളിൽ ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ട്. വാർഡിന്റെ ചുമതലയില്ലാത്ത ജീവനക്കാർ വാർഡിലെത്തി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.
എല്ലാ വാർഡുകളും വ്യക്തമായി കാണുന്ന രീതിയിൽ സി.സി.ടി.വി സംവിധാനം ഏർപ്പെടുത്തണമെന്നും ഡി.എം.ഇ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നൽകിയ ഉത്തരവിൽ പറയുന്നു. സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്ന് മാറ്റുന്നതിൽനിന്ന് പുരുഷജീവനക്കാരെ നിർബന്ധമായും ഒഴിവാക്കണം. ഇക്കാര്യങ്ങളിൽ നടപടി സ്വീകരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസിൽ മുഖ്യപ്രതിയായ അറ്റൻഡർ എം.കെ. ശശീന്ദ്രനെതിരായ പരാതിയിൽനിന്ന് പിന്മാറാൻ മെഡിക്കൽ കോളജിലെ അഞ്ചു വനിതാജീവനക്കാർ ഭീഷണിപ്പെടുത്തെയെന്നായിരുന്നു പരാതി.
കേസിൽ പ്രതികളുടെ സസ്പെൻഷൻ കഴിഞ്ഞ ദിവസം പിൻവലിച്ച് കോട്ടം, തൃശൂർ മെഡിക്കൽ കോളജുകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഗ്രേഡ് 2 അറ്റൻഡന്റ് വി.ഇ. ഷൈമ, ഗ്രേഡ് വൺ അറ്റൻഡർ വി. ഷലൂജ, നഴ്സിങ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ തൃശൂർ മെഡിക്കൽ കോളജിലേക്കും ഗ്രേഡ് വൺ അറ്റൻഡർമാരായ ഷൈനി ജോസ്, എം.കെ. ആസിയ എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്കുമാണ് സ്ഥലംമാറ്റിയത്. കൂടാതെ ആസിയയുടെ ശമ്പളവർധന ആറുമാസത്തേക്ക് തടഞ്ഞുവെക്കാനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.
സസ്പെൻഷനിലായ പ്രതികളെ അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് സർവിസിൽ തിരിച്ചെടുത്ത മുൻ പ്രിൻസിപ്പലിന്റെ നടപടി ഏറെ വിവാദമായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നേരിട്ട് ഇടപെട്ട് നടപടി പിൻവലിപ്പിക്കുകയും സംഭവത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തുകയുമായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ സർജിക്കൽ ഐ.സി.യുവിൽ വെച്ച് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചെന്നാണ് കേസ്. ശശീന്ദ്രനെതിരായ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. കേസിൽ ഭരണാനുകൂല സംഘടനാനേതാവായ പ്രതിയെ സംരക്ഷിക്കാൻ ശ്രമംനടന്നത് ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.