തലശ്ശേരി ജില്ലകോടതിയിലെ രോഗപ്പകർച്ച മെഡിക്കൽ സംഘം പരിശോധിച്ചു
November 3, 2023തലശ്ശേരി: ജില്ല കോടതിയില് ന്യായാധിപർ ഉള്പ്പെടെയുള്ളവര്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില് ഉന്നതമെഡിക്കല് സംഘം തലശ്ശേരിയിലെത്തി പരിശോധന നടത്തി. കോഴിക്കോട്, കണ്ണൂര് ഗവ. മെഡിക്കല് കോളജുകളിൽ നിന്നുള്ള സംഘമാണ് വ്യാഴാഴ്ച വൈകീട്ട് ജില്ല കോടതിയിലെത്തി പരിശോധന നടത്തിയത്.
ക്ഷീണവും മറ്റ് അസ്വാസ്ഥ്യങ്ങളും നേരിടുന്ന ജീവനക്കാരെ ഡോക്ടർമാർ വിശദമായി പരിശോധിച്ചു. ഇവരുടെ പരിശോധന റിപ്പോര്ട്ട് സംഘം ശേഖരിച്ചു. കോടതിയും പരിസവും സംഘം സന്ദര്ശിച്ചു. പബ്ലിക് പ്രോസിക്യൂട്ടര് ഓഫിസിലെ രണ്ടു ജീവനക്കാർക്ക് കൂടി വ്യാഴാഴ്ച കടുത്ത ക്ഷീണം അനുഭവപ്പെട്ടു. ചൊറിച്ചില്, കൈകാല് വേദന, കണ്ണിന് നീറ്റൽ, സന്ധിവേദന തുടങ്ങിയവയാണ് പലര്ക്കും അനുഭവപ്പെട്ടത്.
കഴിഞ്ഞദിവസം ശേഖരിച്ച 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. രോഗത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നും ഇതുവരെ വന്നവരുടെയും പോയവരുടെയും രക്ത സാമ്പിളുകള് ക്രോഡീകരിച്ച് പരിശോധിക്കുമെന്നും തുടര് ദിവസങ്ങളിലും മെഡിക്കല് സംഘം പരിശോധനക്ക് എത്തുമെന്നും കോഴിക്കോട് ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന് അസോ. പ്രഫസര് ഡോ. രജനി പറഞ്ഞു. രണ്ടും മൂന്നും അഡീഷനല് ജില്ല കോടതികളിലെയും സബ് കോടതിയിലെയും ജീവനക്കാര്ക്കാണ് ശാരീരിക പ്രശ്നം നേരിടുന്നത്. ഒരു ന്യായാധിപൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.