ഗർബ നൃത്തം ഹൃദയാഘാതത്തിന് കാരണമാകുന്നു; ഒരു ദിവസം കുറഞ്ഞത് 10 മരണങ്ങളെന്ന് റിപ്പോർട്ട്
October 23, 2023ഗുജറാത്തിലെ ഗർബ നൃത്തങ്ങൾ ഹൃദയാഘാത മരണങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മുൻകാല ആരോഗ്യപ്രശ്‌നങ്ങൾ, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ കാരണമാകാം ഇത്. കണക്കുകൾ പ്രകാരം, ഗുജറാത്തിൽ ഉടനീളമുള്ള ഗർബ പരിപാടികളിൽ ഒരു ദിവസം ഹൃദയാഘാതം മൂലം കുറഞ്ഞത് 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഖേഡ ജില്ലയിലെ കപദ്‌വഞ്ച് പട്ടണത്തിൽ ഗർബ കളിക്കുന്നതിനിടെ വീർ ഷാ എന്ന കൗമാരക്കാരന്‍റെ മൂക്കിൽ നിന്ന് രക്തം വരാന്‍ തുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു. ‘ഒരു ഇടവേള എടുക്കാതെ ദീർഘനേരം ഗർബ കളിക്കരുത്. ഇന്ന് എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു. മറ്റാർക്കും ഇത് സംഭവിക്കാതിരിക്കട്ടെ’. കുട്ടിയുടെ കുടുംബം പറഞ്ഞു. അഹമ്മദാബാദ്, രാജ്‌കോട്ട്, നവസാരി എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡിന് ശേഷമുള്ള സങ്കീർണതകൾ, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ ഇന്ത്യയിൽ ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതങ്ങളുടെയും വ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയാഘാതത്തിന്റെ തോത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണെന്ന് അഹമ്മദാബാദിലെ നാരായണ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ സീഷൻ മൻസൂരി പറഞ്ഞു. നേരത്തെ 10% രോഗികൾ മാത്രമാണ് വളരെ ഗുരുതരമായ രോഗലക്ഷണങ്ങൾ, തടസ്സപ്പെട്ട ധമനികൾ, ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയാഘാതവുമായി സമീപിച്ചതെങ്കിൽ ഇപ്പോൾ ഇത് ഏകദേശം 25% ആയി ഉയർന്നിട്ടുണ്ട്.
ഗർബ കളിക്കുന്നത് എങ്ങനെയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്‍ ?
ഗർബ പോലുള്ള ഉയർന്ന തീവ്രതയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അടിസ്ഥാന ആരോഗ്യസ്ഥിതികൾ വഷളാക്കും. ഇത് പെട്ടന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നു. ഓരോരുത്തരും അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. ജലാംശം നിലനിർത്തുക, ഗർബ പോലുള്ള ആഘോഷങ്ങളിൽ ശാരീരിക സ്ഥിതി നോക്കി വേണം കളിക്കാൻ. കൊൽക്കത്തയിലെ എൻ.എച്ച് .ആർ.എൻ ടാഗോർ ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ ദേബ്ദത്ത മജുംദാർ പറഞ്ഞു. നൃത്തമോ വ്യായാമമോ പോലുള്ള പ്രവർത്തനങ്ങളിൽ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ഈ പ്രശ്നം കൂടുതൽ വഷളാകും. സാധാരണ ജോലിയിലോ ദൈനംദിന പ്രവർത്തനങ്ങളിലോ, ഇവ പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉണ്ടാക്കുന്നില്ല. അതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഉത്സവ സീസണിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായി കണക്കുകൾ പറയുന്നു. നിർജ്ജലീകരണം, മോശം ഭക്ഷണരീതികൾ, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ കൂടാതെ ആഘോഷവേളയിലെ അമിത ചൂടും ഹൃദയാഘാതത്തിന് കാരണമായേക്കാം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറക്കുന്നതിന്, പങ്കെടുക്കുന്നവർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, ഇത്തരം ആഘോഷങ്ങളിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഈ ആഘോഷങ്ങളിൽ അമിതമായ അളവിൽ പഞ്ചസാരയോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. അസ്വാസ്ഥ്യം, അമിതമായ ക്ഷീണം, ചുമ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. സമയോചിതമായ ഇടപെടൽ ഒരു പരിധി വരെ വലിയ ഹൃദ്രോഗ പ്രശ്നങ്ങളുടെ തോത് കുറക്കും.
ഇത്തരം ആഘോഷങ്ങളിൽ അമിതമായ അദ്ധ്വാനവും സമ്മർദ്ദവും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗർബ പോലുള്ള പരിപാടികളിൽ മെഡിക്കൽ പ്രൊഫഷണലുകളുടെയും ഡിഫിബ്രില്ലേറ്ററുകളുടെയും (ഹൃദയപേശികൾക്ക് വൈദ്യുത ഷോക്ക് നൽകാൻ) സാന്നിദ്ധ്യം അവ അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കും.