ഡെങ്കിപ്പനി കേസുകളിൽ വൻ വർധന; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്
October 23, 2023തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള സീസണല്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 32,453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചാതായി റിപ്പോർട്ടുണ്ട്. എന്നാൽ മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന കാരണത്താൽ ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഡെങ്കിപ്പനി ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് ഇപ്പോഴാണ്.
ഡെങ്കി കേസുകളില്‍ കേരളമാണ് ഏറ്റവും മുന്നില്‍. കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 4468 കേസുകള്‍ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞവര്‍ഷം മാത്രം 58 മരണങ്ങളുമുണ്ടായി. ഡെങ്കി കേസുകളില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. രോഗവ്യാപനം കുറക്കാന്‍ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെയുള്ള നടപടികൾ ആവിഷ്‌കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് രോഗബാധ ഉയരുന്നതിന് കാരണമാകുന്നു.
മൂക്കൊലിപ്പ്, ചുമ, കണ്ണുകള്‍ക്ക് വേദന, സന്ധി വേദന എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന പനി, വയറുവേദന, പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നു, രക്തസമ്മര്‍ദ്ദം സാധാരണത്തേക്കാള്‍ വളരെ കുറയുന്നു, കടുത്ത പനി, സന്ധി വേദന, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ബലകുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
ഡെങ്കിപ്പനിയുടെ പ്രാഥമിക ഉറവിടമായ ഈഡിസ് കൊതുകുകള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുന്നത്. അതിനാല്‍ വീട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ ഉടന്‍ വൃത്തിയാക്കുക, ഡ്രെയിനേജ്, പൈപ്പുകള്‍ എന്നിവ വൃത്തിയാക്കുക. കൊതുക് നാശിനികള്‍ ഉപയോഗിക്കുക. കൊതുകുകള്‍ കൂടുതല്‍ സജീവമാകുന്ന വെള്ളമുള്ള സ്ഥലങ്ങളിലേക്ക് ആവശ്യമില്ലാതെ പോകുന്നത് ഒഴിവാക്കുക. ആവശ്യമെങ്കില്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് കൊതുക് കടിക്കാതിരിക്കാനുളള മരുന്ന് പുരട്ടുക. ഇതൊക്കെയാണ് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറവായതിനാൽ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളിലും നാലിനും ഒൻപതിനും ഇടയിൽ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്.
ഡെങ്കിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് വരെ ആപത്താണ്. അപകടകരമാകുംവിധത്തിലേക്ക് എത്തിയില്ലെങ്കില്‍ പോലും ഡെങ്കിപ്പനി ആരോഗ്യത്തിനുമേല്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. പക്ഷേ ഇതുവരെയായിട്ടും ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയോ മരുന്നോ ഒന്നും ലഭ്യമല്ലായിരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിനും മരുന്നില്ല. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി ഡെങ്കിപ്പനിക്കെതിരായി ഒരു മരുന്ന് കണ്ടെത്തിയിരിക്കുകയാണ്. ‘ജോൺസണ്‍ ആന്‍റ് ജോണ്‍സൺ’ കമ്പനി ആണ് ഡെങ്കിപ്പനിക്കുള്ള ഗുളിക കണ്ടെത്തിയിരിക്കുന്നത്.