ലൈസൻസില്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെന്റർ പൂട്ടിച്ച് ആരോഗ്യ മന്ത്രാലയം
October 4, 2023കുവൈത്ത് സിറ്റി: സാൽമിയയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച മെഡിക്കൽ സെന്റർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം പൂട്ടിച്ചു. മരുന്നുകൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത ജീവനക്കാരെ പിടികൂടുകയും ചെയ്തു.
മെഡിക്കൽ സെന്ററിന്റെ ബേസ്മെന്റിൽ സ്ഥിതിചെയ്യുന്ന ലൈസൻസില്ലാത്ത നഴ്സറി ഉൾപ്പെടെയാണ് മന്ത്രാലയം അടപ്പിച്ചത്. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വിൽപനക്കായി തയാറാക്കിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത നിരവധി സ്റ്റോർ റൂമുകൾ ഇവിടെ ഉണ്ടെന്നും എല്ലാ മരുന്നുകളും മെഡിക്കൽ സപ്ലൈകളും കണ്ടുകെട്ടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ മരുന്നുകൾ കൈവശംവെക്കുന്നതിന് ആവശ്യമായ രേഖകൾ ഈ മെഡിക്കൽ സെന്ററിനില്ലായിരുന്നു.
കൂടാതെ, ആവശ്യമായ ലൈസൻസുകളില്ലാതെ മെഡിക്കൽ, അനുബന്ധ സാങ്കേതിക ജോലികൾ ചെയ്യുന്ന നിരവധി ജീവനക്കാരെയും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.