രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിൽ -സർവേ

രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിൽ -സർവേ

August 16, 2024 0 By KeralaHealthNews

ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷന്‍ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. മാനസിക പിരിമുറുക്കത്താൽ രാജ്യത്തെ മൂന്നിൽ ഒന്ന് മെഡിക്കൽ പി.ജി വിദ്യാർഥികളും ആത്മഹത്യാ ചിന്തയിലാണെന്ന് സർവേ വ്യക്തമാക്കുന്നു. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികളും 7,000-ലധികം ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ട ഓൺലൈൻ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

16 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും തങ്ങൾക്ക് ആത്മഹത്യാ ചിന്തയുണ്ടെന്ന് സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. എം.ഡി/എം.എസ് വിദ്യാർഥികളിൽ 31 ശതമാനത്തിനും ആത്മഹത്യാ ചിന്തയുണ്ടെന്ന് സർവേ പറ‍യുന്നു. 27.8 ശതമാനം യു.ജി വിദ്യാർഥികളും 15.3 ശതമാനം പി.ജി വിദ്യാർഥികളും തങ്ങൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സ്വമേധയാ സൂചിപ്പിച്ചു.

74 ശതമാനത്തിലധികം യു.ജി വിദ്യാർഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്‍റെ ഭയത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാർഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ടവരാണ്.

ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ സൈക്യാട്രി പ്രൊഫസർ സുരേഷ് ബഡാ മഠിന്‍റെ അധ്യക്ഷതയിലെ സംഘം നടത്തിയ സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ദേശീയ മെഡിക്കൽ കമീഷന് (എൻ.എം.സി) സമർപ്പിച്ചത്. മെഡിക്കൽ വിദ്യാർത്ഥികൾ വലിയ സമ്മർദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും എൻ.എം.സി ചെയർമാൻ ബി.എൻ ഗംഗാധർ പറഞ്ഞു. ഇത് ഇനി നമുക്ക് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 കാര്യങ്ങൾ സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
മാനസിക പിരിമുറുക്കം നേരിടാൻ വിദ്യാർഥികൾക്ക് ദിവസം 7 – 8 മണിക്കൂർ ഉറക്കം ലഭിച്ചിരിക്കണം. വർഷത്തിൽ ഒരിക്കൽ കുടുംബ അവധി നൽകണം. റെഡിഡന്‍റ് ഡോക്ടർമാർക്ക് കൂടുതൽ വിശ്രമം നൽകണമെന്നതടക്കം നിർദേശങ്ങളാണ് സർവേ മുന്നോട്ടുവെക്കുന്നത്.