രത്നാകരന്റെ വൃക്കദാനത്തിന് കാൽനൂറ്റാണ്ട്
August 13, 2024പാലക്കാട്: ഭാര്യക്ക് വൃക്ക പകുത്തുനൽകിയ രത്നാകരന്റെ ജീവിതയാത്രക്ക് കാൽ നൂറ്റാണ്ടിന്റെ കരുത്ത്. 25 കൊല്ലം മുമ്പാണ് ഭാര്യ സുധക്ക് വൃക്കസംബന്ധമായ അസുഖം കണ്ടെത്തിയത്. അന്നത്തെ കാലത്ത് വൃക്കമാറ്റിവെക്കൽ സങ്കീർണമായിരുന്നു. ഇന്ത്യയിൽതന്നെ ഭാര്യക്ക് വൃക്ക നൽകുന്ന ആദ്യ കേസായിരുന്നു രത്നാകരന്റേത്. 2000 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ.
വൃക്ക ദാനംചെയ്ത വ്യക്തി എന്നനിലയിൽ ഇതുവരെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സാധാരണ ജീവിതം നയിക്കാന് വൃക്ക ദാനം തടസ്സമല്ല. ആരോഗ്യവാനായ ഒരാൾക്ക് 70 വയസ്സിനിടക്ക് എപ്പോൾ വേണമെങ്കിലും വൃക്ക ദാനംചെയ്യാം. വൃക്കരോഗികളുടെ തുടർ ചികിത്സയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏകദേശം 10,000 രൂപക്കടുത്ത് പ്രതിമാസം മരുന്നിന് ചെലവുണ്ട്. പല മരുന്നുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇവയുടെ നികുതി കുറച്ചാൽത്തന്നെ 25 ശതമാനം വരെ വില കുറയുമെന്ന് രത്നാകരൻ പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് വൃക്കദാനം അതിനും തടസ്സമായിട്ടില്ല.
കുറച്ച് വർഷങ്ങൾക്കു മുമ്പുവരെ ‘കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’യുടെ ആഭിമുഖ്യത്തിൽ വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും സംഗമങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ കുറച്ചുകാലമായി ഒത്തുചേരലുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. ദേശാഭിമാനിയിൽനിന്ന് ബ്യൂറോ ചീഫായി വിരമിച്ച ഇദ്ദേഹം ഇന്നും കർമനിരതനാണ്.
ചെർപ്പുളശ്ശേരി ആസ്ഥാനമായ ‘വള്ളുവനാട് ധ്വനി’ വാരികയുടെ ചീഫ് എഡിറ്ററാണ്. ‘വൃക്കദാനം ജീവദാനം’ കൃതി രചിച്ചിട്ടുണ്ട്. ആനമങ്ങാട് എ.എൽ.പി സ്കൂൾ അധ്യാപിക സുധ ആറുവർഷം മുമ്പ് സർവിസിൽനിന്ന് വിരമിച്ചു. എൻജിനീയറായ ഏക മകനും കുടുംബവും മുംബൈയിലാണ് താമസം.