അമീബിക് മസ്‌തിഷ്‌കജ്വരം; ശ്രദ്ധിക്കേണം ഇക്കാര്യങ്ങൾ…

അമീബിക് മസ്‌തിഷ്‌കജ്വരം; ശ്രദ്ധിക്കേണം ഇക്കാര്യങ്ങൾ…

August 13, 2024 0 By KeralaHealthNews

കേരളത്തിൽ വിവിധയിടങ്ങളിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളത് എട്ടുപേരാണ്. നേരത്തെ, ആലപ്പുഴയിലും കോഴിക്കോടും മലപ്പുറത്തും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമീബിക് മസ്‌തിഷ്‌കജ്വരത്തെ കുറിച്ച് കൂടുതൽ അറിയുകയും ശ്രദ്ധനൽകുകയും വേണം.

രോഗകാരി അമീബ

പേര് സൂചിപ്പിക്കുന്നത് പോലെ ‘നെഗ്ലേറിയ ഫൗലേറി’ എന്ന അമീബിയയാണ് ഈ രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അമീബ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് അഞ്ച് ദിവസം മുതൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു.

സാധാരണ മസ്‌തിഷ്‌കജ്വരത്തിന്‍റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം മൂർഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.

തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ചസ് എന്ന ആവരണത്തെ അമീബ ആക്രമിക്കുകയും തലച്ചോറിൽ നീർവീക്കമുണ്ടാക്കുകയും ചെയ്യും. മൂക്കിൽ നിന്നും നേരിട്ട് തലച്ചോറിലേക്ക് പോകുന്ന നാഡികൾ വഴിയാണ് അമീബ തലച്ചോറിൽ എത്തുന്നത്. തലച്ചോറിലെ ചില രാസവസ്‌തുക്കൾ വളരെ വേഗം ഭക്ഷണമാക്കുന്നതിനാൽ ‘തലച്ചോർ തീനി അമീബകൾ’ എന്നും ഇവ അറിയപ്പെടുന്നു.

ലക്ഷണങ്ങൾ

പനി, തലവേദന, ഓക്കാനം, ഛർദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്‌മാരം, ബോധക്ഷയം, പരസ്‌പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടിയിട്ടും മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെങ്കിൽ കൂടുതൽ വിദഗ്‌ധ ചികിത്സ തേടണം. ഈ ലക്ഷണങ്ങളുള്ളവർ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്ത കാലത്ത് കുളിക്കുകയോ വെള്ളം മൂക്കിൽ കയറാൻ ഇടയാകുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

ഇക്കാര്യങ്ങൾ ചെയ്യരുത്

വൃത്തിയില്ലാത്ത കുളങ്ങൾ/ജലാശയങ്ങൾ, പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുഖം കഴുകുകയോ ചെയ്യരുത്. നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം. നോസ് പ്ലഗുകൾ ഉപയോഗിക്കുകയോ മൂക്കിലൂടെ വെള്ളം കടക്കാത്ത രീതിയിൽ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.