ജോലി ചെയ്യാത്ത കാലത്തേയും പ്രീമിയം പോരട്ടെ
January 18, 2024തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ആനുകൂല്യങ്ങൾ കുറയുന്നെന്ന് പരാതി ശക്തിപ്പെടുമ്പോഴും പ്രീമിയം തുക സമാഹരിക്കുന്നതിൽ കാർക്കശ്യവുമായി ധനവകുപ്പ്.
പുതുതായി സർവിസിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ് പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്ന് മുതൽ പ്രീമിയം അടക്കണം. ഇക്കാര്യം വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
മൂന്നുവർഷത്തെ പ്രീമിയം തുകയായ 18,000 രൂപ അടക്കുന്നവർക്ക് മാത്രമേ അവയവ മാറ്റ ശസ്ത്രക്രിയ അടക്കം വരുന്ന പാക്കേജ് ലഭ്യമാകൂവെന്നാണ് വിശദീകരണം.
പദ്ധതി തുടങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും വർഷം സർവിസിൽ പുതുതായി എത്തിയവരിൽ നിന്നാണ് പദ്ധതിയുടെ തുടക്കം മുതലുള്ള പണം പിടിക്കുക. പുതിയ ജീവനക്കാരുടെ ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം തുല്യ ഗഡുക്കളായി കുറവ് ചെയ്യും. പോളിസി കാലയളവിൽ മുൻകാല പ്രാബല്യത്തോടെ നിയമനം ലഭിക്കുന്ന എയ്ഡഡ് ജീവനക്കാർക്കും ഈ വ്യവസ്ഥ ബാധകമാക്കും. അവരും 2022 ജൂലൈ ഒന്നു മുതലുള്ള കുടിശ്ശിക നൽകേണ്ടിവരും.
പദ്ധതി തുടങ്ങുന്നതിനുമുമ്പ് ശൂന്യവേതന അവധിയായിരുന്ന ജീവനക്കാരൻ തിരികെ പ്രവേശിക്കുമ്പോഴും ആദ്യ ശമ്പളം മുതൽ കുടിശ്ശിക പ്രീമിയം ഒരുമിച്ചോ ഗഡുക്കളായോ പിടിക്കും. പദ്ധതിയിൽ അംഗമായ ജീവനക്കാരൻ മൂന്നുവർഷ പദ്ധതിക്കിടെ, ഒരു വർഷത്തിലേറെ ശൂന്യവേതനാവധിയിൽ പ്രവേശിക്കുമ്പോഴും മൂന്നു വർഷ പ്രീമിയം തുക നൽകേണ്ടിവരും.
അവധിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ശമ്പളത്തിൽ നിന്ന് തുക കുറവ് ചെയ്യും. ഇക്കാലയളവിൽ പദ്ധതി ആനുകുല്യം ലഭിക്കും. മെഡിസെപ് ബാധകമായ വകുപ്പിൽ നിന്ന് ബാധകമല്ലാത്ത വകുപ്പിലേക്ക് നിയമനം ലഭിച്ച് മാറിയാൽ ആ പോളിസി വർഷത്തെ തുക അവസാന ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. ആ വർഷം ആനുകൂല്യം ലഭിക്കും.
തുടർന്ന്, പോളിസി നിർത്തലാക്കും. അവയവ മാറ്റ പാക്കേജിൽ ആനുകൂല്യം നേടിയെങ്കിൽ മൂന്നുവർഷത്തെ തുകയും ഈടാക്കും. ആശ്രിതരില്ലാത്ത പെൻഷണറോ കുടുംബ പെൻഷണറോ മരിച്ചാൽ ആ പോളിസി വർഷം ശേഷിക്കുന്ന തുക കുടിശ്ശികയായി പണിഗണിച്ച് ജീവകാല കുടിശ്ശികയിൽ നിന്ന് കുറവ് ചെയ്യും. ശസ്ത്രക്രിയ പാക്കേജ് സ്വീകരിച്ചെങ്കിൽ 18000 രൂപയും പിടിക്കും.