‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്
January 15, 2024തിരുവനന്തപുരം: പാലിയേറ്റിവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ നടത്തും. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പുരോഗികൾക്കായി അവരാൽ കഴിയുംവിധം സാന്ത്വന പരിചരണ സേവനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ‘കൂടെ’ എന്ന പേരിലുള്ള കാമ്പയിനും സർക്കാർ ആരംഭിക്കും. സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ പിന്തുണക്കാൻ തയാറുള്ള ആർക്കും സന്നദ്ധ സേന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം.
ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ/എൻ.ജി.ഒ/സി.ബി.ഒ മേഖലയിലെ പാലിയേറ്റിവ് കെയർ യൂനിറ്റുകളുടെ പിന്തുണയോടെ നൈപുണ്യം അടിസ്ഥാനമാക്കിയുള്ള പാലിയേറ്റിവ് കെയർ പരിശീലനം നൽകും. വാരാചരണത്തിന്റെ ഭാഗമായി ജനുവരി 21വരെ ഒരാഴ്ച നീളുന്ന വിപുല പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരൽ, ബോധവത്കരണ ക്ലാസുകൾ, സന്നദ്ധ പരിശീലന പരിപാടികൾ, കുടുംബശ്രീ സ്പെഷൽ അയൽക്കൂട്ടം എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും നടത്തും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാർക്കും (ബാച്ചുകളായി) ഒരു മണിക്കൂർ ബോധവത്കരണം നൽകുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.