എച്ച്.ഐ.വി പരിശോധന നടത്തിയവർ 13.54 ലക്ഷം; 1046 പേർ പോസിറ്റിവ്
November 30, 2023കൊച്ചി: സംസ്ഥാനത്ത് ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1354875 പേരാണ് പരിശോധന നടത്തിയത്. 648142 പുരുഷന്മാരും 701979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.
എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ദേശീയ തലത്തിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്.
2025ഓടെ പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതിൽ ആദ്യത്തേത്.
അണുബാധിതരായി കണ്ടെത്തിയവരിലെ 95 ശതമാനം എ.ആർ.ടി ചികിത്സക്ക് വിധേയരാകുക, ഇവരിലെ 95 ശതമാനത്തിനും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങൾ നയിക്കട്ടെ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
എച്ച്.ഐ.വി നിയന്ത്രണം, ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജ്യോതിസ് കേന്ദ്രങ്ങൾ, ഉഷസ് കേന്ദ്രങ്ങൾ (എ.ആർ.ടി), കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി.എസ്.സി), പുലരി കേന്ദ്രങ്ങൾ (എസ്.ടി.ഐ), ലക്ഷ്യാധിഷ്ഠിത ഇടപെടൽ കേന്ദ്രങ്ങൾ (ടി.ഐ) എന്നിവിടങ്ങളിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അണുബാധിതർക്കായി പ്രതിമാസ ചികിത്സ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, കുടുംബങ്ങളെ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തൽ, അണുബാധിതരായ കുട്ടികൾക്ക് സ്കോളർഷിപ് ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്ക് സൗജന്യ പാപ്സ്മിയർ പരിശോധന, ലൈഫ്മിഷൻ പദ്ധതിയിലൂടെ ഭവനം ലഭ്യമാക്കൽ തുടങ്ങിയ സാമൂഹികസുരക്ഷ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വർഷം, എച്ച്.ഐ.വി പരിശോധന നടത്തിയവർ
2018- 298106 (പുരുഷന്മാർ), 620346 (സ്ത്രീകൾ),
പൂജ്യം(ട്രാൻസ്ജെൻഡർ), 918452 (ആകെ)
2019- 394642, 798104, 4017, 1196763
2020- 258516, 631186, 3681, 893383
2021- 300714, 701502, 4697, 1006913
2022- 430985, 848840, 4311, 1284136
2023 (ജനുവരി മുതൽ ഒക്ടോബർ വരെ) – 648142, 701979, 4753, 1354874
വർഷം, പോസിറ്റിവായവർ
2018- 875 (പുരുഷന്മാർ), 435 (സ്ത്രീകൾ), പൂജ്യം (ട്രാൻസ്ജെൻഡർ), 1220 (ആകെ)
2019- 794, 412, 5, 1211
2020- 535, 302, 3, 840
2021- 600, 260, 6, 866
2022- 799, 321, 6, 1126
2023 (ജനുവരി മുതൽ ഒക്ടോബർ വരെ)- 797, 240, 9, 1042