പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം
October 18, 2023തിരുവനന്തപുരം: നിപ കേസുകളിലെ ഗവേഷണ പ്രവർത്തനങ്ങളും സാമ്പിൾ പരിശോധനയും സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലാക്കി നിപ പ്രോട്ടോകോൾ ഭേദഗതി ചെയ്തു. പുതിയ പ്രോട്ടോകോൾ പ്രകാരം നിപയെ കുറിച്ച് സംസ്ഥാനത്ത് ഏത് ഏജൻസി പഠനം നടത്തുന്നുവെങ്കിലും സർക്കാറുമായി സഹകരിച്ചേ പാടുള്ളൂ.
ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സാമ്പിൾ ശേഖരണം സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെ പാടില്ല. ഗവേഷണ കണ്ടെത്തലുകൾ സമയബന്ധിതമായി സർക്കാറിനെ അറിയിച്ചിരിക്കണം. രോഗബാധ നിയന്ത്രണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളും ഡാറ്റയും പഠനാവശ്യത്തിന് ഉപയോഗിക്കണമെങ്കിലും സർക്കാറിന്റ അനുമതി വാങ്ങണം. ഇടക്കാല റിപ്പോർട്ടും അന്തിമ റിപ്പോർട്ടും ജേണലുകളിൽ പ്രസിദ്ധപ്പെടുത്തും മുമ്പുതന്നെ സർക്കാറിനെ അറിയിക്കണമെന്നതും പുതിയ നിബന്ധനമാണ്.
സംസ്ഥാനത്ത് നിന്നുള്ള ഡാറ്റ ഉപയോഗിച്ച് രോഗനിർണയ ചികിത്സ-രീതികൾ വികസിപ്പിക്കുന്നതിനുള്ള ഏതൊരു സംരംഭവും സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ പാടുള്ളൂ. മാത്രമല്ല, കേരളത്തിൽ നിന്നുള്ള വിദഗ്ധരെ പ്രോജക്ട് ടീമിൽ ഉൾപ്പെടുത്തുകയും വേണം. ഇവിടെനിന്ന് ശേഖരിക്കുന്ന ക്ലിനിക്കൽ-വൈറോളജിക്കൽ സാമ്പിളുകൾക്കും ഡാറ്റകൾക്കും പകരമായി ഗവേഷണകാര്യങ്ങളിൽ സംസ്ഥാന സർക്കാറിനെയായിരിക്കണം ഗവേഷണ ഏജൻസി മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
നിപ ബാധയിൽനിന്ന് മുക്തമായ ആളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിനും ഈ മാനദണ്ഡങ്ങളെല്ലാം ബാധകമാണെന്നും ഉത്തരവിലുണ്ട്. അതേസമയം ഒരേ വിഷയത്തിൽ തന്നെ ഒന്നിലധകം പേർ ഗവേഷണം ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഇത് ഒഴിവാക്കാനാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയതെന്നുമാണ് സർക്കാർ വിശദീകരണം. പല പഠനങ്ങളും പ്രസിദ്ധീകരിച്ച ശേഷമാണ് സർക്കാർ അറിയുന്നതെന്നും നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.
സാമ്പിൾ അയക്കണമെങ്കിലും സർക്കാറിനെ അറിയിക്കണം
ഇതനുസരിച്ച് സർക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെ സാമ്പിളുകൾ പരിശോധനക്കയക്കാനാവില്ല. സ്വകാര്യ ആശുപത്രികളിലാണ് ടെസ്റ്റിന് വിധേയമാകേണ്ട രോഗിയുള്ളതെങ്കിൽ ആരോഗ്യവകുപ്പിലെ അതാത് ജില്ലകളിലെ സർവയലൻസ് ഓഫിസർമാരെ വിവരമറിയിക്കണം.
ജില്ല ആരോഗ്യവിഭാഗമാണ് സാമ്പിൾ ഏത് ലാബിലേക്ക് അയക്കണമെന്നത് തീരുമാനിക്കുക. പരിശോധന ഫലം ലാബുകളിൽനിന്ന് ജില്ല സർവയലൻസ് ഓഫിസർക്കാണ് (ഡി.എസ്.ഒ) ലഭ്യമാക്കേണ്ടത്. ഡി.എസ്.ഒമാരാണ് ചികിത്സിക്കുന്ന ഡോക്ടറെ വിവരം അറിയിക്കുകയെന്നും ഇതുസംബന്ധിച്ച് പ്രോട്ടോകോൾ ഭേദഗതി ചെയ്തുള്ള ഉത്തരവിൽ സർക്കാർ അടിവരയിടുന്നു.