കേരളത്തിലെ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു
September 11, 2023കേരളത്തിലെ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ തുടർറൗണ്ടുകളിൽ ഇവരെ പരിഗണിക്കില്ല. സ്ട്രേയിൽ പരിഗണിക്കണമെങ്കിൽ മൂന്നാം റൗണ്ടിൽ പുതുതായി റജിസ്റ്റർ ചെയ്യണം. ഇങ്ങനെ സ്ട്രേ ലക്ഷ്യമാക്കി റജിസ്റ്റർ ചെയ്യുന്നവർക്കു മൂന്നാം റൗണ്ടിൽ സീറ്റ് നൽകില്ല; പക്ഷേ സ്ട്രേയിൽ പരിഗണിക്കും.
∙രണ്ടാം റൗണ്ടിൽ പുതിയ റജിസ്ട്രേഷനില്ല. ഓപ്ഷൻ കൺഫർമേഷൻ, നിലവിലുള്ള ഓപ്ഷനുകളുടെ ക്രമംമാറ്റൽ, അവ നീക്കംചെയ്യൽ എന്നിവ മാത്രമാണു രണ്ടാം റൗണ്ടിലുള്ളത്. പക്ഷേ പുതിയ കോഴ്സുകൾ അനുവദിക്കുന്നപക്ഷം പുതിയ റജിസ്ട്രേഷൻ അനുവദിക്കും. രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ കൺഫർമേഷൻ നിർബന്ധമായും ചെയ്തിരിക്കണം.
∙രണ്ടാം റൗണ്ടിനു ശേഷമുള്ള ഒഴിവുകൾ മൂന്നാം റൗണ്ടിൽ നികത്തും. മൂന്നിലേക്കു പുതിയ റജിസ്ട്രേഷനുണ്ട്. രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ടും കോളജിൽ ചേർന്നില്ലെങ്കിൽ, മൂന്നിലെ റജിസ്ട്രേഷന് സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം. മുൻ റൗണ്ടുകളിലെ ഓപ്ഷനുകൾ മൂന്നാം റൗണ്ടിൽ പരിഗണിക്കില്ല. ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവരും മൂന്നിൽ റജിസ്റ്റർ ചെയ്യാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം.
മൂന്നിൽ അലോട്മെന്റ് കിട്ടിയിട്ട് കോളജിൽ ചേരാത്തവർ, സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടുത്തി വിട്ടുപോകണം. അവരെ തുടർന്ന് അലോട്മെന്റിനു പരിഗണിക്കില്ല. മൂന്നിനു റജിസ്റ്റര് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെങ്കിൽ സ്ട്രേയിൽ പങ്കെടുക്കാം. മൂന്നിൽ അലോട്മെന്റ് കിട്ടിയവർക്ക് അതിനു മുൻപ് അനുവദിച്ചുകിട്ടിയ സീറ്റിന് അവകാശമില്ല.
∙ മൂന്നാം റൗണ്ടിൽ സീറ്റ് അനുവദിച്ചുകിട്ടുന്നവരുടെ ലിസ്റ്റ് കേന്ദ്രത്തിന് അയയ്ക്കും. അവരെ തുടർന്ന് ഓൾ ഇന്ത്യാ ക്വോട്ടയിലേക്കോ സംസ്ഥാന ക്വോട്ടയിലേക്കോ പരിഗണിക്കില്ല. ഇക്കാരണത്താൽ, മൂന്നിലേക്കു റജിസ്റ്റർ ചെയ്യുന്നത് സൂക്ഷിച്ചു വേണം. പൂർണവിവരങ്ങൾക്കു സൈറ്റ് നോക്കുക.